വ്ളോഗർ റിഫ മെഹ്നുവിന്റെ ആത്മഹത്യയിൽ ഭർത്താവ് മെഹ്നാസിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഹാജാരകാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കുന്നത്. മെഹ്നാസ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. വ്യാഴാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഇയാൾ ഫോൺ അടക്കം സ്വിച്ച്ഡ് ഓഫ് ചെയ്തിരിക്കുകയാണ്. മെഹ്നാസ് ഒളിവിലാണെന്ന അനുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്തിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് വീട്ടിൽ വന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. മെഹ്നാസ് നിലവിൽ സംസ്ഥാനം വിട്ടെന്നാണ് സൂചന. തുടർന്നാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്.
നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാൻ ആയിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുക ആയിരുന്നു. അതേസമയം റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെതുടർന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. വിശദമായ കണ്ടെത്തലുകൾ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
മാർച്ച് 1നാണ് വ്ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London