ന്യൂഡല്‍ഹി: പ്രതിരോധരംഗത്ത് രാജ്യത്ത് സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി 101 ഉത്പന്നങ്ങള്‍ രാജ്യത്ത് തദ്ദേശീയമായി നിര്‍മിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. ഈ ഉത്പന്നങ്ങളുടെ വിദേശത്തു നിന്നുള്ള ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
രാജ്യത്തേയ്ക്കുള്ള ഇറക്കുമതി അവസാനിപ്പിക്കാനുള്ള 101 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഒരു നിശ്ചിത കാലയളവിനു ശേഷം ഇവയുടെ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കാനും നിര്‍മാണം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നടത്താനുമാണ് പദ്ധതി. സ്വയംപര്യാപ്തതയിലേയ്ക്കുള്ള ഒരു വലിയ ചുവടുവെയ്പ്പാണ് ഇതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഡിആര്‍ഡിഓയ്ക്ക് സ്വന്തമായി വികസിപ്പിക്കാന്‍ സാധിക്കുന്നതോടെ രാജ്യത്തെ പ്രതിരോധ വ്യവസായം ശക്തിപ്പെടുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
സേനകളുമായും പൊതു സ്വകാര്യ രംഗത്തെ സ്ഥാപനങ്ങളുമായും പലവട്ടം ചര്‍ച്ച ചെയ്ത ശേഷമാണ് ഇക്കാര്യത്തില്‍ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രതിരോധ വ്യവസായ രംഗത്ത് പങ്കാളിത്തം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 2015 മുതല്‍ 3.5 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ഒപ്പിട്ടതെങ്കില്‍ വരുന്ന ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം കോടി രൂപയുടെ കരാര്‍ രാജ്യത്തെ സ്ഥാപനങ്ങളുമായി ഒപ്പിടുമെന്നും മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ 1.3 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ കരസേനയ്ക്കും വ്യോമസേനയ്ക്കും ആവശ്യമായി വരും. 1.4 ലക്ഷം കോടിയുടെ ഉപകരണങ്ങള്‍ നാവികസേനയ്ക്കും ആവശ്യമായി വരും. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന ഉപകരണങ്ങള്‍ ചെറിയ ഭാഗങ്ങളല്ലെന്നും ആര്‍ട്ടില്ലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണാര്‍ സിസ്റ്റം, വിമാനങ്ങല്‍, റഡാറുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളായിരിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London