യുവാവിനെ വെട്ടി ഗുരുതര പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പറ്റ വളമംഗലം സ്വദേശി പട്ടണംചാലിൽ കാളിക്കണ്ടം വീട്ടിൽ കുഞ്ഞാലിയുടെ മകൻ ഫസലുൽ ആബിദ് (26 വയസ്സ്) എന്നയാളെയാണ് ഇന്ന് പുലർച്ചെ കാടപ്പടിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞുവരവെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പുൽപ്പറ്റ വളമംഗലത്തുവെച്ച് പ്രതിയും കൂട്ടുപ്രതികളും ചേർന്ന് പരാതിക്കാരനെ വാളുകൊണ്ട് വെട്ടിയും ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ വേളയിലാണ് പ്രതി പിടിയിലാകുന്നത്. സംഭവത്തിൽ പരാതിക്കാരന്റെ മൂക്കിന്റെ എല്ല് തകർന്നിരുന്നു.
കേസിൽ പ്രതിയായ അബ്ദുള്ള എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതി കൊണ്ടോട്ടി കാടപ്പടിയിലുള്ള അമ്മാവന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ച് റേഡ് നടത്തിയതിൽ ഇന്ന് പുലർച്ചെ കാടപ്പടിയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായം ചെയ്തവരെ കുറിച്ചുള്ള അന്വേഷണം തുടർരുകയാണ്. കേസിൽ ഇനി ഒളിവിൽ കഴിയുന്ന ഒരാളെ കൂടി പിടികൂടാനുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്ഐ പി.കെ. കമറുസ്സമാൻ, ആർ. രാജേന്ദ്രൻ നായർ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ പി. വിജയൻ, പി. മുഹമ്മദ് സലീം, എം. ഷഹബിൻ, അനൂപ്, നിഷ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London