ഗൂഢാലോചന കേസിൽ അന്വേഷണ സംഘത്തിന് ദിലീപിനെ മൂന്ന് ദിവസം വരെ ചോദ്യം ചെയ്യാമെന്നും അറസ്റ്റ് പാടില്ലെന്നും കോടതി. ദിലീപിനൊപ്പം മുഴുവൻ പ്രതികളെയും മൂന്ന് ദിവസം വരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. ക്രൈബ്രാഞ്ച് ഓഫിസിൽ നാളെ 9 മണിക്കാണ് ദിലീപ് ഹാജരാകേണ്ടത്. രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് വരെയാണ് ദിലീപിനെ ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. എന്നാൽ 27-ാം തിയതി വരെ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. അതേസമയം 27 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. ദിവസവും അഞ്ചോ ആറോ മണിക്കൂർ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും അന്വേഷണത്തിന് തടസ്സമാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചന കേസിൽ തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്തിനാണെന്നും ദിലീപ് ചോദിച്ചു. ബാലചന്ദ്ര കുമാറുമായി സിനിമ ബന്ധമാണ് തനിക്കുള്ളതെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.
ദിലീപിനെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിന് തടസം നിൽക്കില്ലെന്ന് കോടതി അറിയിച്ചിരുന്നു. ചില സൂചനകളും തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചാൽ ഗൂഢാലോചന കുറ്റകരമണെന്ന് കണക്കാക്കാം. കേസിൽ യഥാർത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചനാകേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കില്ലെന്ന കാര്യത്തിൽ എന്തുറുപ്പാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. കൃത്യം ചെയ്തില്ലെങ്കിലും ദിലീപ് ഗൂഢാലോചന നടത്തിയാൽ കുറ്റമായി കണക്കാക്കാമെന്നും ദിലീപിനെതിരെയുള്ള സാക്ഷിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ കൈമാറിയ തെളിവുകളിൽ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി പരിശോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണ്. ദിലീപിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരമാണെന്നും കോടതി വിശദീകരിച്ചു. എന്നാൽ കോടതി ജാമ്യം നൽകുകയും അന്വേഷണത്തിൽ ദിലീപ് ഏതെങ്കിലും ചെറിയ ഇടപെടലുകൾ നടത്തുകയും ചെയ്താൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി മുന്നറിയിപ്പു നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London