മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ ചർച്ച പുരോഗമിക്കുന്നു. രാജ്യസഭാ എം.പിയും മുസ്ലിം ലീഗ് നേതാവും പ്രമുഖ വ്യവസായിയുമായ പി.വി അബ്ദുൽ വഹാബിനെ മഞ്ചേരിയിൽ മത്സരിപ്പിക്കാൻ ചർച്ചകൾ നടന്നുവരുന്നുണ്ട്. നിലവിലെ എം.എൽ.എ എം ഉമ്മറിന് വക്കീൽ കുപ്പായത്തിലേക്ക് തിരിച്ചു പോവേണ്ടിവരും. പാർട്ടി വൻ ഭുരിപക്ഷത്തോടെ ജയിച്ചുവന്നിട്ടും ഉദ്യോഗസ്ഥ തലത്തിലോ മറ്റോ യാതൊരു സ്വാധീനവും പാർട്ടിക്ക് നേടിക്കൊടുക്കാൻ ആവാത്തതും മൂന്നുതവണ മത്സരിച്ചതു കൊണ്ടുമാണ് ഉമ്മറിന് സീറ്റ് ലഭിക്കാതിരിക്കുന്നത്. ടൗണിലെ പോലീസ് സ്റ്റേഷനിൽ പോലും പാർട്ടിയുടെ ഒരു കാര്യവും ആവശ്യപ്പെട്ട് ചെല്ലാൻ ആവുന്നില്ലെന്നാണ് അണികൾ പറയുന്നത്. അഭിഭാഷകരായ എൻ.സി ഫൈസലും യു.എ ലത്തീഫും പരിഗണനയിലുണ്ട്.
യു.എ ലത്തീഫിന് ജില്ലാ ബാങ്ക് പ്രസിഡന്റ് സ്ഥാനം നൽകിയതിനാൽ സാധ്യത കുറവാണ്. ഇദ്ദേഹത്തിന് പെരിന്തൽമണ്ണ വേണോ എന്ന് ചോദിച്ചപ്പോൾ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. കൂടുതൽ സാധ്യതയും വഹാബിനാണ്. ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥ ബന്ധവും ദൃഡപ്പെടുത്തുന്നവരേയാണ് പാർട്ടി മഞ്ചേരിയിലേക്ക് നോക്കുന്നത്. വഹാബിനെ പെരിന്തൽമണ്ണയിലേക്കും പരിഗണിക്കുന്നുണ്ട്. ഇവിടെ പി. അബ്ദുൽ ഹമീദിനേയും പരിഗണിക്കുന്നുണ്ട്. എങ്കിലും ഹമീദിനും നോട്ടം മഞ്ചേരിയിലേക്കാണ്. പി.കെ ബഷീറിനെ മഞ്ചേരിയിൽ പരിഗണിക്കുന്നതിൽ അണികൾക്ക് താൽപര്യമുണ്ട്. എന്നാൽ പാർട്ടിക്ക് താൽപര്യമില്ല. കാരണം ഇത്തവണ എടവണ്ണ ഗ്രാമപ്പഞ്ചായത്ത് കൈവിട്ടുപോവാനുള്ള കാരണം ബഷീറാണ്. അതുകൊണ്ട് ആ പ്രശ്നം ബഷീർ തന്നെ പരിഹരിക്കട്ടെ എന്നാണ് പാർട്ടിയുടെ തീരുമാനം. പാർട്ടിയിലെ പല മുതിർന്ന നേതാക്കളേയും അപമാനിക്കുന്ന തരത്തിലുള്ള ബഷീറിന്റെ ഇടപെടലിൽ പരാതിയുണ്ട്. കാവനൂരിലും കുഴിമണ്ണയിലും ഇത് പ്രകടമായിട്ടുണ്ട്. മഞ്ഞളാംകുഴി അലിയെ ഇത്തവണ മങ്കടയിൽ മാറ്റി മത്സരിപ്പിച്ചേക്കും. തിരൂരിൽ സി.മമ്മൂട്ടിക്ക് പകരം ഷംസുദ്ദീനെ പരിഗണിക്കുന്നുണ്ട്.
മലപ്പുറം മണ്ഡലത്തിലെ പാർലമെന്റ് ഉപതിരഞ്ഞെടുപ്പിലോ മണ്ണാർക്കാടോ കെ.എൻ.എ ഖാദറിന് അവസരം കൊടുത്തേക്കും. അബ്ദുറഹിമാൻ രണ്ടത്താണിക്ക് കോട്ടക്കലിലേക്ക് നോട്ടമുണ്ടെങ്കിലും ആബിദ് ഹുസൈൻ തങ്ങളെ നിലനിർത്തും. കെ.എം ഷാജി ഇത്തവണ അഴീക്കോട് നിന്നും മാറിയേക്കും പകരം കൊടുവള്ളിയോ കോഴിക്കോടോ നൽകും. അല്ലെങ്കിൽ പുതുതായി ആവശ്യപ്പെട്ടിട്ടുള്ള വയനാട് മണ്ഡലമോ നൽകും. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തന്നെയാവും. വെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഈ തിരഞ്ഞെടുപ്പിലും തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകി. അധികാരം ലഭിച്ചാൽ വഖ്ഫ് ബോർഡോ മറ്റോ നൽകിയാവും സഖ്യം തുടരുക. ഒരു സീറ്റ് നൽകുമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നുവെങ്കിലും കോൺഗ്രസ് -സമസ്ത സഖ്യത്തിന്റെ എതിർപ്പു മൂലം സാധ്യത കുറയും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London