ആരോഗ്യമന്ത്രി വീണാ ജോർജുമായി ഇന്ന് നടത്തിയത് സൗഹൃദപരമായ കൂടിക്കാഴ്ചയെന്ന് സമരം ചെയ്യുന്ന പിജി ഡോക്ടർമാർ. തങ്ങളുടെ ആശങ്കകൾ മന്ത്രിയെ അറിയിച്ചു. വിഷയത്തിൽ കൃത്യമായ ചർച്ച വേണമെന്ന സമരക്കാരുടെ ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും സമരക്കാർ പറഞ്ഞു. ആരോഗ്യമന്ത്രിയുമായുള്ള ചർച്ച നടന്ന്, ആവശ്യങ്ങൾ പരിഗണിച്ചശേഷമേ സമരത്തിൽ നിന്ന് പിന്മാറൂ എന്നും പിജി ഡോക്ടേഴ്സ് പറഞ്ഞു. ഇതിനിടെ ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരിഹാരമുണ്ടാകില്ലെന്ന സൂചന നൽകുന്ന പിജി ഡോക്ടേഴ്സിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നു. പിജി ഡോക്ടേഴ്സിന്റെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് ഡോക്ടർമാർ ആരോഗ്യമന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചത്.
നാല് ശതമാനം സ്റ്റൈപെൻഡ് വർധനയടക്കം മുന്നോട്ട് വച്ച മുഴുവൻ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്ടർമാർ. അത്യാഹിത വിഭാഗം അടക്കം മുടക്കികൊണ്ടാണ് സമരം. നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരുടെ നിയമനം, സ്റ്റൈപൻഡ് വർധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചർച്ച നടത്തേണ്ടത്. നേരത്തെ ഇനി ചർച്ചയില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെയാണ് ചർച്ചയില്ലെന്ന നിലപാടിൽ നിന്നും സർക്കാർ അയഞ്ഞത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London