ആഴക്കടൽ പദ്ധതി രൂപരേഖ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടശേഷമാണ് സർക്കാർ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന രേഖകൾ പുറത്ത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇഎംസിസി സമർപ്പിച്ച പദ്ധതിയുടെ രൂപരേഖ രണ്ടു തവണയാണ് ഫിഷറീസ് മന്ത്രി കണ്ടത്.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രിമാർ കണ്ടിട്ടില്ലെന്ന സർക്കാർ വാദം പൊളിക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന സർക്കാരിന്റെ തന്നെ രേഖകൾ. ഇഎംസിസി സമർപ്പിച്ച പദ്ധതി രൂപരേഖയിൽ 2019 ഓഗസ്റ്റ് 9 നാണ് ഫിഷറീസ് വകുപ്പിൽ നടപടികൾ ആരംഭിച്ചത്. 2019 ഒക്ടോബർ 19 നാണ് ഫയൽ ആദ്യമായി മന്ത്രിയുടെ പരിഗണനയ്ക്ക് എത്തുന്നത്.
കമ്പനിയുടെ പശ്ചാത്തലം സംബന്ധിച്ച് കേന്ദ്രത്തോട് വിവരങ്ങൾ ആരാഞ്ഞ ശേഷമാണ് ഫിഷറീസ് സെക്രട്ടറി ആദ്യമായി ഫയൽ മന്ത്രിക്ക് അയക്കുന്നത്. ഫയൽ കണ്ട ശേഷം മേഴ്സിക്കുട്ടിയമ്മ ഒക്ടോബർ 21ന് ഫയൽ ഫിഷറീസ് സെക്രട്ടറിക്ക് തിരികെ നൽകി. 2019 നവംബർ ഒന്നിന് ഫയൽ വീണ്ടും മന്ത്രിയുടെ അടുക്കലേക്ക്. രണ്ടാഴ്ചക്ക് ശേഷം നവംബർ 18 ന് അഭിപ്രായം രേഖപ്പെടുത്തി മന്ത്രി ഫയൽ വീണ്ടും ഫിഷറീസ് സെക്രട്ടറിക്ക് കൈമാറി.
ഇതിന് ശേഷമാണ് കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ വെച്ച് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിടുന്നത്. ഇഎംസിസി ഫ്രോഡ് കമ്പനിയെന്ന് ഇപ്പോൾ പറയുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഓരോ തവണയും ഫയൽ കണ്ടപ്പോൾ എന്തഭിപ്രായമാണ് രേഖപ്പെടുത്തിയത് എന്നതാണ് ഇനി അറിയേണ്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London