കോവിഡിനെതിരായ പോരാട്ടത്തിന് മുൻനിരയിൽ നിന്ന ആരോഗ്യപ്രവർത്തകർക്ക് ദുബൈ സർക്കാർ പ്രഖ്യാപിച്ച ഗോൾഡൻ വിസക്ക് അർഹരായവരുടെ ആദ്യപട്ടികയിൽ മലയാളി ഡോക്ടറും. ഒന്നരപതിറ്റാണ്ടിലേറെയായി ദുബൈയിലെ ആതുരശുശ്രൂഷ രംഗത്ത് സജീവസാന്നിധ്യമായ കാഞ്ഞങ്ങാട് സ്വദേശി ഡോ. അബ്ദുൾറഹ്മാനാണ് ഗോൾഡൻ വിസ നൽകി ദുബൈ സർക്കാർ ആദരിച്ചത്. ദുബൈ ലതീഫ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടറായ ഇദ്ദേഹം ശൈഖ് സായിദ് റോഡിലെ ക്വറൻറീൻ സെൻററിൽ നടത്തിയ സേവനമാണ് അംഗീകാരത്തിന് ആധാരമായത്. 212 ഡോക്ടർമാർക്കാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പത്തുവർഷത്തെ ഗോൾഡൻ വിസ നൽകിയത്.
”പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. സ്വദേശിയെന്നോ വിദേശിയെന്നോ വേർതിരിവില്ലാതെ, അർഹത മാത്രം മാനദണ്ഡമാക്കി ആദരവ് നൽകുന്ന ദുബൈ ഭരണാധികാരികളുടെ പ്രഖ്യാപനം അവരുടെ മഹാമനസ്കതയാണ് വെളിവാക്കുന്നത്. ഈ രാജ്യത്തോട് പുലർത്തിയ കടപ്പാടിനുള്ള സമ്മാനമായാണ് ഇൗയൊരു വലിയ പ്രോത്സാഹനത്തെ കാണുന്നത്”- ഗോൾഡൻ വിസക്ക് അർഹനാണെന്ന സന്ദേശം ലഭിച്ച ഡോ. അബ്ദുൾറഹ്മാൻ പറഞ്ഞു.
നേരത്തെ നിക്ഷേപകർക്കും ശാസ്ത്രജ്ഞർക്കും അക്കാദമിക് പണ്ഡിതർക്കുമെല്ലാം നൽകിയിരുന്ന ഇൗ പുരസ്കാരത്തിന് ആരോഗ്യരംഗത്ത് സേവനം നടത്തുന്നവരെയും പരിഗണിച്ചതിൽ അതിയായ ആഹ്ലാദവും നന്ദിയുമുണ്ടെന്ന് ഡോ. അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു. കോവിഡിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിനായാണ് ഗോൾഡൻ വിസ ഏർപെടുത്തിയിരിക്കുന്നത്. 23 വർഷമായി ആതുരസേവനരംഗത്ത് തുടരുന്ന ഡോ. അബ്ദുൾറഹ്മാൻ 17 വർഷവും ദുബൈയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് എം.ഡിയും പൂർത്തിയാക്കിയ ഇദ്ദേഹം നിലവിൽ ദുബൈ ലതീഫ ഹോസ്പിറ്റലിലാണ് സേവനമനുഷ്ഠിക്കുന്നത്.
© 2019 IBC Live. Developed By Web Designer London