റേഷൻ കാർഡ് ഇനി ഓർമ്മയാകുന്നു. സപ്ലൈ ഓഫീസുകളിൽ പോകാതെ റേഷൻകാർഡ് ലഭ്യമാകുന്ന ഇ‑റേഷൻ കാർഡ് സംവിധാനം സംസ്ഥാനത്ത് ആറ് മാസത്തിനുള്ളിൽ നിലവിൽവരും. ഇ-റേഷൻ കാർഡ് സംവിധാനത്തിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. അപേക്ഷകന്റെ മൊബൈൽ ഫോണിലും ഇ‑മെയിലിലും ലഭിക്കുന്ന ലിങ്കുവഴി റേഷൻകാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാമെന്നതാണു ഇതിന്റെ പ്രത്യേകത. സുരക്ഷാ ഓഡിറ്റുകൂടി പൂർത്തിയാക്കിയാൽ സംവിധാനം തിരുവനന്തപുരം ജില്ലയിൽ ആദ്യം നിലവിൽവരുമെന്ന് സിവിൽ സപ്ലൈസ് ഐ ടി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാർഡായി ഇനി റേഷൻ കാർഡ് ലഭിക്കും. അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയാൽ കാർഡ് പ്രിന്റ് ചെയ്ത് കൈയ്യിൽ ലഭിക്കും. ആധാർ കാർഡിന് സമാനമായ രീതിയിലാണ് ഇ‑റേഷൻ കാർഡ് സജ്ജമാക്കുന്നത്. ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ പരിശോധിച്ചശേഷം അപേക്ഷകൻ കാർഡിന് അർഹനാണെങ്കിൽ പ്രിന്റ് എടുക്കാം. ഇതിന് അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറിൽ കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കും. എന്നാൽ സന്ദേശമനുസരിച്ച് കാർഡ് പ്രിന്റെടുക്കാനാകില്ല. അപേക്ഷകനോ കാർഡിൽ അംഗങ്ങളാവുന്ന ആളുകളോ ആണോ പ്രിന്റ് എടുക്കുന്നതെന്ന് പരിശോധിക്കും. ആധാർ അടക്കം പരിശോധിച്ചതിന് പിന്നാലെ അപേക്ഷകന് ഒടിപി നമ്പർ ലഭിക്കും. ഇതിനുശേഷം മാത്രമേ പ്രിന്റ് ചെയ്യാനാവൂ.
കാർഡിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളുണ്ടാവും. അന്ത്യോദയ, മുൻഗണന, പൊതുവിഭാഗങ്ങളിലായി നാല് നിറങ്ങളിൽ 22 പേജുകളിൽ പുസ്തകരൂപത്തിലാണ് ഇപ്പോൾ റേഷൻ കാർഡ്. ഇത് ആധാർ മാതൃകയിൽ ഒറ്റ കാർഡായി മാറ്റും. പുതിയ അപേക്ഷകർക്ക് ഇ- കാർഡ് നൽകും. പുസ്തകരൂപത്തിലുള്ള കാർഡ് ഉപയോഗിക്കുന്നവർക്ക് വേണമെങ്കിൽ ഇ കാർഡാക്കി മാറ്റാനും അവസരമുണ്ട്. കുടുംബാംഗങ്ങളുടെ പേരുൾപ്പെടെയുള്ള അത്യാവശ്യ വിവരങ്ങൾ കാർഡിന്റെ രണ്ട് പുറങ്ങളിലായി രേഖപ്പെടുത്തും. ഭാവിയിൽ ചിപ്പ് ഘടിപ്പിച്ച് സ്മാർട്ട് കാർഡായി മാറ്റാനും ആലോചനയുണ്ട്. നിലവിൽ കൂടുതൽ അപേക്ഷകരുള്ള ചില സപ്ലൈഓഫീസുകളിൽ കാർഡ് നൽകുന്നതിന് രണ്ട് മുതൽ 15 ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഇ‑കാർഡ് ഏർപ്പെടുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London