നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. 2021 മാര്‍ച്ച് 27 രാവിലെ 7 മുതല്‍ 2021 ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും, അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധനമേര്‍പ്പെടുത്തിയത്.
1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി. ഫെബ്രുവരി 26, മാര്‍ച്ച് 16 എന്നീ ദിവസങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ള അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ലോക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേയ്ക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്കാണ് ഇത് ബാധകമാവുക.
നടക്കാനിരിക്കുന്ന പൊതു-ഉപ തെരഞ്ഞെടുപ്പുകളുടെ വിവിധ ഘട്ടങ്ങളിലെ വോട്ടിങ് സമയം അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറില്‍ പ്രവചന സര്‍വ്വേകളുടെ ഫലങ്ങള്‍ അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും നിരോധനമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London