തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ അമർഷം. കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും വിമർശനം ഉയരും.അനുകൂല സാഹചര്യത്തിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കനാവാത്തതിൽ കടുത്ത അമർഷമാണ് കോൺഗ്രസ് നേതാക്കൾക്കിടയിലുള്ളത്.
മുതിർന്ന നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വിശകലനത്തെ പരസ്യമായി തള്ളികളഞ്ഞ് കെ മുരളീധരൻ എംപി പോർമുഖം തുറന്ന് കഴിഞ്ഞു. പാർട്ടിക്ക് ആവശ്യം മേജർ സർജറിയാണെന്നും എന്നാൽ ചെയ്താൽ രോഗി മരിക്കുമെന്നതടക്കമുള്ള കടുത്ത പ്രയോഗങ്ങളും മുരളീധരൻ നേതൃത്വത്തിന് എതിരെ ഉയർത്തി.
ഒപ്പം ജോസ് കെ മാണിയേയും കൂട്ടരേയും മുന്നണിയിൽ ഉറപ്പിച്ച് നിർത്താൻ കഴിയാതെ പോയതും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇടയാക്കി. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടു പോകുന്നത് തടയാനാകാതിരുന്നതും നേതൃത്വത്തിന്റെ പരാജയമാണെന്ന നിലപാടും കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്.
നിലവിലെ കെപിസിസി ജംബോ കമ്മറ്റി ആവശ്യമില്ലെന്ന വാദവും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉയരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളും വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ സജീവമാവും. വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്ക്, കല്ലാമലയിലെ സ്ഥാനാർത്ഥി നിർണയം തുടങ്ങിയ വിവാദങ്ങൾ വഷളാക്കിയത് കെപിസിസി അധ്യക്ഷന്റെ നിലപാടുകളാണെന്ന വിമർശനം മുരളീധരൻ അടക്കമുള്ളവർക്കുണ്ട്. പലയിടത്തും സ്ഥാനാർഥി നിർണയം പാളിയപ്പോൾ കെപിസിസി നിഷ്ക്രിയമായിരുന്നു. താഴേ തട്ടിലെ പ്രവർത്തനങ്ങളെ ചലിപ്പിക്കാനുള്ള സംഘാടന ശേഷി കോൺഗ്രസ് നേതൃത്വത്തിന് ഇല്ലാതായിരിക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം.
© 2019 IBC Live. Developed By Web Designer London