യൂറോകപ്പിൽ ഫിൻലൻറിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്ത്യൻ എറിക്സണിന്റെ ആരോഗ്യനില തൃപ്തികരം. എറിക്സൺ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മത്സരത്തിന്റെ നാൽപ്പത്തിമൂന്നാം മിനിറ്റിൽ ലഭിച്ച ത്രോ ബോൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം. സ്വന്തം മൈതാനത്ത് നാട്ടുകാരുടെയും വീട്ടുകാരുടെയും കൺമുന്നിലാണ് ക്രിസ്റ്റ്യൺ എറിക്സൺ പച്ചപ്പുല്ലിനെ മാറോട് ചേർത്ത് അനക്കമറ്റുകിടന്നത്. പാഞ്ഞടുക്കുന്ന സഹതാരങ്ങളും മെഡിക്കൽ ടീമംഗങ്ങളും. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്നാർക്കും മനസ്സിലായില്ല. അസ്വാഭാവികതകളുടെ നിമിഷങ്ങളിൽ പലരും കാമറൂണുകാരൻ മാർക്ക് വിവിയൻ ഫോയെ ഓർത്തുപോയിരിക്കണം. ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനകൾ. ചുറ്റും വട്ടമിട്ടുനിന്ന കൂട്ടുകാരിൽ പലരും വിങ്ങിപ്പൊട്ടിയതോടെ ഗാലറിയിലും കൂട്ടക്കരച്ചിൽ. തേങ്ങിക്കരഞ്ഞ ഭാര്യയെ ചേർത്തുപിടിച്ചാശ്വാസിപ്പിച്ച സഹകളിക്കാർ.
യൂറോയുടെ ചരിത്രത്തിലാദ്യമായി താരത്തിനേറ്റ പരിക്ക് കാരണം മത്സരം നിർത്തിവെച്ചതായുള്ള അനൌൺസ്മെൻറ്. ഒടുവിൽ ആശങ്കകൾ വകഞ്ഞുമാറ്റി ആശുപത്രിയിൽ നിന്നും ആശ്വാസ വാർത്ത. എറിക്സണൻറെ ആരോഗ്യ നില തൃപ്തികരം. ഗാലറിയിൽ ആശ്വാസത്തിൻറെ നെടുവീർപ്പുകൾ. രണ്ട് ടീമുകളോടും ആലോചിച്ച് മത്സരം പുനരാരംഭിക്കാൻ തീരുമാനം. കണ്ണീര് തുടച്ച് ഡാനിഷ് പട വീണ്ടും ഗ്രൌണ്ടിലേക്ക്. ഞെട്ടലും ഭീതിയും അപ്പോഴും മാറിയിട്ടില്ലാത്ത ഡാനിഷുകാരെ തോൽപ്പിക്കാൻ എളുപ്പമായിരുന്നിരിക്കണം. 59ആം മിനുട്ടിൽ നേടിയ ഗോളിലൂടെ ജയമുറപ്പിക്കുന്ന ഫിൻലൻറുകാർ. ആ പരാജയത്തിൽ പക്ഷെ ഡാനിഷുകാർ വിഷമിച്ചുകാണില്ല. കാരണം എറിക്സണ് തിരിച്ചുകിട്ടിയ മിടിപ്പിനോളം വലുതല്ലായിരുന്നു അവർക്കാ മത്സരഫലം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London