യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജിപി നേതാക്കളോടുള്ള എതിർപ്പ് പരസ്യമാക്കി പാർട്ടിവിട്ട യുപിയിലെ മുൻമന്ത്രിമാർ സമാജ്വാദി പാർട്ടിയിൽ ചേർന്നു. യോഗി മന്ത്രിസഭയിലെ പ്രബലരായ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരംസിംഗ് സൈനി എന്നിവർ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് സമാജ്വാദി പാർട്ടിയിലേക്ക് പ്രവേശിച്ചത്. ഇവരെ കൂടാതെ ബിൽഹൗർ എംഎൽഎയായ ഭഗ്വതി പ്രസാദ് സാഗറും ബിദുന എംഎൽഎ വിനയ് സക്യയും ബിജെപി വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ നിന്നും സമാജ്വാദി പാർട്ടിയിലേക്കുള്ള എംഎൽഎമാരുടെ ഒഴുക്ക് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യോഗി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും എട്ട് എംഎൽഎമാരുമാണ് ബിജെപിയിൽ നിന്നും രാജിവെച്ചത്. ദളിത്, ഒബിസി വിഭാഗങ്ങളോട് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ കടുത്ത അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ജനപ്രതിനിധികളുടെ രാജി. രാജിവെച്ച എംഎൽഎമാർ അഖിലേഷ് യാദവുമായി ചർച്ച നടത്തിയെന്നും ഉടൻ സമാജ്വാദി പാർട്ടിയിൽ ചേരുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ രാജിയെ പിന്തുണച്ചാണ് ബിജെപിയിൽ നിന്നുള്ള എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായത്. പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തിയെത്തുടർന്ന് മൗര്യ രാജിവെച്ചതിന് പിന്നാലെ അതിനോട് ഐക്യപ്പെട്ട് വനംവകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാനും പാർട്ടി വിടുകയായിരുന്നു. ദളിത്, പിന്നോക്ക വിഭാഗക്കാരെ പരിഗണിക്കാതെയാണ് യോഗി ആദിത്യനാഥ് സർക്കാർ നയങ്ങൾ രൂപീകരിക്കുന്നതെന്നായിരുന്നു മൗര്യയുടെ പ്രധാന ആരോപണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London