പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാർഗരേഖയും കമ്മീഷൻ നൽകിയിട്ടുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക നീക്കം. അടുത്ത വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇതിന് സാങ്കേതികമായും ഭരണപരമായും തയ്യാറാണെന്നു കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു.
വോട്ട് ചെയ്യാൻ ആഗ്രഹമുള്ള പ്രവാസി ഇന്ത്യക്കാരൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസങ്ങള്ക്കുള്ളില് വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. തുടർന്ന് റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം വോട്ട് മടക്കി അയക്കണം.
വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലിൽ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ സർവീസ് വോട്ടർമാർക്ക് മാത്രമാണ് പോസ്റ്റൽ വോട്ട് സൗകര്യമുള്ളത്. ഇത് പ്രവാസി ഇന്ത്യക്കാർക്കും ബാധകമാക്കണമെങ്കിൽ കേന്ദ്ര സർക്കാർ 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ മതി.
© 2019 IBC Live. Developed By Web Designer London