തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് മർദനമേറ്റ സംഭവത്തിൽ തന്റെ പേരിലുള്ള ആരോപണങ്ങൾ തള്ളി കുട്ടിയുടെ പിതാവ് രംഗത്ത്. കുട്ടിയുടെ മാതൃസഹോദരിയുടെ ആരോപണങ്ങൾ പോലെ താൻ ആരുടെയും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഭാര്യയുടെ സഹോദരിയും അവരുടെ പങ്കാളി ആന്റണി ടിജിനും ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. തന്റെ കുഞ്ഞിനെ വിട്ടുകിട്ടാൻ നിയമനടപടി സ്വീകരിക്കുമെന്നും പിതാവ് പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാനാണ് കുട്ടിയുടെ അച്ഛന്റെ ശ്രമമെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതൃസഹോദരി രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ ഏഴുമാസത്തോളമായി ഇയാൾ തങ്ങളെ പീഡിപ്പിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ വ്യാജ കേസുകളുണ്ടാക്കാനും ശ്രമം നടത്തിയിരുന്നു. കേസിൽ ആന്റണി ടിജിൻ നിരപരാധിയാണെന്നും യുവതി പ്രതികരിച്ചു.
കുട്ടിയുടെ ആരോഗ്യ നിലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുരോഗതിയുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. 48 മണിക്കൂർ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. വൈകുന്നേരം മുതൽ ദ്രാവകരൂരപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ കുഞ്ഞിന് നൽകിത്തുടങ്ങാമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലേക്കെത്തിയത് ആശ്വാസമാകുന്നുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London