കൊച്ചി: അമ്മയുടെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച യുവതിയെ സന്നദ്ധ സേവകര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ കേസ്. ചികിത്സാസഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമം വഴി സഹായം അഭ്യര്‍ഥിച്ച വര്‍ഷയാണ് തന്നെ സന്നദ്ധ സേവകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്. അമ്മ രാധയുടെ ചികിത്സയ്ക്കായി 30 ലക്ഷത്തില്‍ താഴെ വരുന്ന തുക മാത്രമാണ് ആവശ്യപ്പെട്ടതെങ്കിലും ഒരു കോടി രൂപയിലധികം യുവതിയുടെ അക്കൗണ്ടിലേയ്ക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. ആവശ്യത്തിലധികം തുക ലഭിച്ചതോടെ ധനസഹായം നിര്‍ത്തി വെക്കാന്‍ വര്‍ഷ അഭ്യര്‍ഥിച്ചെങ്കിലും വീണ്ടും വന്‍തുക അക്കൗണ്ടിലേയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമായിരുന്നു പോലീസ് കേസെടുത്തത്. ചേരാനല്ലൂര്‍ പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.
അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം ചോദിച്ച് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തിയത് ജൂണ്‍ 24നായിരുന്നു. എന്നാല്‍ വര്‍ഷയ്ക്ക് സഹായം നല്‍കാമെന്ന വാഗ്ദാനവുമായി സാജന് കേച്ചേരി പിന്നാലെ എത്തുകയായിരുന്നു. വന്‍തുക വര്‍ഷയുടെ അക്കൗണ്ടിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടതോടെ വര്‍ഷയോട് ഈ അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധസേവകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി ഇതിനു സമ്മതിക്കാതെ വന്നതോടെ സംഘം ഭീഷണിപ്പെടുത്താനും ആരംഭിക്കുകയായിരുന്നു.
© 2019 IBC Live. Developed By Web Designer London