ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു. 1977ൽ ആദ്യമായി മന്ത്രിയായി. 1980ൽ ലോക്ദൾ പാർട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാർട്ടി ജനതാദളിന്റെ ഭാഗമായി. ലോക്ദൾ പിളർന്നതോടെ ക്രാന്തികാരി മോർച്ച പാർട്ടിയുമായി മുലായം രംഗത്തെത്തി. 1989ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായി. കേന്ദ്രത്തിൽ വി.പി. സിങ് സർക്കാർ താഴെ വീണതോടെ ജനതാദൾ (സോഷ്യലിസ്റ്റ്) പാർട്ടിയുമായി ചേർന്ന് കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടർന്നു. പിന്നീട് കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടുകൂടി സർക്കാർ താഴെ വീണു.
1992ൽ സമാജ്വാദി പാർട്ടി രൂപീകരിച്ചു. 1993ൽ ബിഎസ്പിയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോൺഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. 1995ൽ സഖ്യകക്ഷികൾ പിന്മാറിയതോടെ സർക്കാർ വീണു. 1996ൽ 11ാം ലോക്സഭയിൽ മെയ്ൻപുരിയെ പ്രതിനിധീകരിച്ചിരുന്നു. അന്നത്തെ സഖ്യ സർക്കാരിൽ പ്രതിരോധ മന്ത്രിയായി. 1998ൽ കേന്ദ്രസർക്കാർ നിലംപതിച്ചപ്പോൾ പിന്നീട് സാംഭാൽ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. 1999ൽ സംഭാലിൽനിന്നും കന്നൗജിൽനിന്നും ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചു. കന്നൗജിൽനിന്ന് അദ്ദേഹം രാജിവച്ചപ്പോൾ മകൻ അഖിലേഷ് അവിടെ മത്സരിച്ചു ജയിച്ചു.
2003 സെപ്റ്റംബറിൽ ബിജെപി – ബിഎസ്പി സർക്കാർ താഴെവീണപ്പോൾ കിട്ടിയ അവസരം പാഴാക്കാതെ സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിപദത്തിൽ കയറിയപ്പോഴും ലോക്സഭാംഗമായിരുന്നു അന്ന് മുലായം. അതു രാജിവച്ച് പിന്നീട് നിയമസഭയിലേക്കു മത്സരിച്ചു. എന്നാൽ അതേ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചു. ജയിച്ചെങ്കിലും അതു രാജിവച്ചു മുഖ്യമന്ത്രിസ്ഥാനത്തു തുടർന്നു. 2007ലെ തിരഞ്ഞെടുപ്പിൽ ബിഎസ്പിയോട് തോൽക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London