ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപമാണ് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവകൃഷ്ണപുരം വട്ടവിള വിളയിൽ വീട്ടിൽ സുബി(51), സുബിയുടെ ഭാര്യ ദീപ(41), മകൾ ഹരിപ്രിയ(13), മകൻ അഖിൽ സുബി(17) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
വൈകിട്ട് ഇരുട്ടായതിന് ശേഷവും സുബിയുടെ വീട്ടിൽ വെളിച്ചം കാണാഞ്ഞതിനെതുടർന്ന് അയൽവാസിയായ സ്ത്രീ തുറന്നുകിടന്ന ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോഴാണ് കിടപ്പുമുറയിൽ തൂങ്ങി നിൽക്കുന്ന അഖിലിനെ കണ്ടത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് മറ്റുള്ളവരേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഓരോരുത്തരും ഓരോ മുറികളിലെ റൂഫിലെ ഹുക്കുകളിലാണ് തൂങ്ങി നിന്നത്. സുബിയെ ഹാളിനു സമീപവും കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. നാലുപേരുടേയും ആത്മഹത്യാ കുറിപ്പുകൾ മുറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റ് വിവരങ്ങളടങ്ങിയ ഒരു കവർ സൂക്ഷിച്ചിട്ടുണ്ടെന്നും ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമെ തുറക്കാൻ പാടുള്ളുവെന്നും ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നു.
വിദേശത്തായിരുന്ന സുബി രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയശേഷം കഴക്കൂട്ടത്ത് ലോഡ്ജ് കെട്ടിടം വാടകയ്ക്കെടുത്ത് നടത്തിവരികയായിരുന്നു. കൊറോണയെതുടർന്നുള്ള ബിസിനസ് മാന്ദ്യമാകാം സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. രണ്ടുമാസമായി ചിറയിൻകീഴിനടുത്ത് കുറക്കടയിൽ പച്ചക്കറിക്കട നടത്തിവരികയായിരുന്നു സുബി.
സുബിയുടെ മകൾ ഹരിപ്രിയ പാലവിള ഗവൺമെന്റ് യു പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയും അഖിൽ സുബി കൂന്തള്ളൂർ പിഎൻഎം എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിയുമാണ്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇൻക്വസ്റ്റ് തയ്യാറാക്കി കോവിഡ് പരിശോധനകൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London