പെരുമ്പാവൂർ: പെരുമ്പാവൂരിലെ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരാണ് മരിച്ചത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. സംഭത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെയാണ് നാലുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മക്കൾ രണ്ടുപേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ചുകിടന്നത്. മൂത്തമകൻ ആദിത്യൻ പത്താം ക്ലാസ് വിദ്യാർത്ഥിയും അർജ്ജുൻ എട്ടാംക്ലാസ് വിദ്യാർത്ഥിയുമാണ്.
ബന്ധുക്കളുമായി ഇവർ കഴിഞ്ഞ കുറേ നാളുകളായി അകന്നു കഴിയുകയായിരുന്നു. ചുമരിൽ ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്ന് എഴുതിവെച്ചിരുന്നു. തൊട്ടടുത്ത വീട്ടിലെ വരാന്തയിൽ ഇവർ കൊണ്ടുവെച്ച പാൽ പാത്രത്തിന് അടിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിനൊപ്പം വെച്ച സ്വർണാഭരണം വിറ്റ് അന്ത്യകർമങ്ങൾ നടത്തണമെന്ന് കുറിപ്പിലുണ്ട്. ചിട്ടി നടത്തിയതിൻറെ പണം നൽകേണ്ട അവസാന ദിവസമായിരുന്നു ഇന്നെന്ന് പറയുന്നു.
© 2019 IBC Live. Developed By Web Designer London