സുധീര്‍ ഗാന്ധിദര്‍ശന്‍
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യാമഹാരാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ ജനത അഹിംസാമാര്‍ഗ്ഗത്തിലൂടെ സമരം നയിച്ചപ്പോള്‍ നമ്മുടെ ഈ കോട്ടക്കലില്‍ നിന്നും വളരെ ചെറിയ പ്രായത്തില്‍ തന്നെ സധൈര്യം ഈ സമരത്തില്‍ അണിചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ എല്ലാവിധ യാതനകളും തീക്ഷ്ണതകളും അനുഭവിക്കുകയും, ആയതിന്റെ സ്മരണക്കായി രാഷ്ട്രം തമ്മ്രപത്രം നല്കി ആദരിച്ചിട്ടുപോലും കോട്ടക്കലിലെ ഇന്നത്തെ തലമുറക്ക് ഒട്ടും പരിചയമില്ലാത്ത അല്ലെങ്കില്‍ ആരും പരിചയപെടുത്തികൊടുക്കാത്ത തികഞ്ഞ ഗാന്ധിയനും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഓടിനടക്കാതെ സാമൂഹ്യ സേവനങ്ങള്‍ ചെയ്ത് കാലയവനികക്കുള്ളില്‍ മറഞ്ഞ നിസ്വാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എ യു മേനോന് എന്ന ആട്ടയില്വളപ്പില് ഉണ്ണികൃഷ്ണ മേനോന്.
പാലക്കാട് ജില്ലയിലെ വട്ടംകുളം കുമരനെല്ലൂര്‍ ആട്ടയില്വളപ്പില് കല്യാണിയമ്മയുടെയും കോട്ടക്കല്‍ കണ്ണാരംപുറത്ത് ശങ്കുമേനോന്റെയും മകനായി കോട്ടപ്പടി ചാലിയതെരുവില്‍ 1908-ല്‍ ആയിരുന്നു ജനനം. സ്കൂള്‍ വിദ്യാഭ്യാസകാലം തൊട്ടുതന്നെ ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഖദര്‍ വേഷധാരിയായിട്ടായിരുന്നു നടപ്പ്. ആ കാലഘട്ടത്തില്‍ തന്നെ കോട്ടക്കലില്‍ നടന്ന എല്ലാ സമരമുഖങ്ങളിലും അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടായിരുന്നു.
1921-ലെ മലബാര്‍ ലഹള അടിച്ചമര്‍ത്തുന്നതിന് വേണ്ടി ബ്രിട്ടീഷ് പോലീസ് സ്വാതന്ത്ര്യസമരക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിരുന്ന കാലത്ത് കോട്ടക്കല്‍ കുണ്ടുബസാറില്‍ വെച്ച് ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തിരുന്നു. കേവലം പതിനാലു വയസ്സ് മാത്രം പ്രായവും ചെറിയ ശരീര പ്രകൃതിയുമായിരുന്ന എ യു മേനോന്റെ കൈത്തണ്ടയില്‍ നിന്നും ആമം ഊര്‍ന്നിറങ്ങുന്നത് കണ്ട് പോലീസ് ഒഴിവാക്കിവിടുകയായിരുന്നു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കില്‍ എ യു മേനോന് എന്ന സ്വാതന്ത്ര്യസമര സേനാനി വാഗണ്‍ ട്രാജഡി ദുരന്തത്തില്‍പ്പെട്ട അനേകരില്‍ ഒരാള്‍ മാത്രമായി മാറുമായിരുന്നു.
കോട്ടക്കലില്‍ നിന്ന് ജോലി തേടി പിന്നീട് അദ്ദേഹം കോഴിക്കോട് എത്തുകയായിരുന്നു. അവിടെ ഒരു ചെറിയ തയ്യല്‍ കടയില്‍ നിന്ന് തയ്യല്‍ പഠിക്കുകയും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് കൊണ്ടുപോവുകയും ചെയ്തു. തയ്യല്‍ ജോലി പഠിച്ചതിന് ശേഷം അദ്ദേഹം സ്വന്തം നിലയില്‍ എട്ടോളം ജീവനക്കാരെവെച്ച് മലബാര്‍ എമ്പോറിയം എന്ന ടൈലോറിങ് സ്ഥാപനം കോഴിക്കോട് തന്നെ ആരംഭിച്ചു. ഈ കാലഘട്ടത്തിലായിരുന്നു സ്വാതന്ത്ര്യസമരം കൊടുംപിരി കൊണ്ടത്. ഇവിടെ നടന്ന സമരങ്ങളിലെല്ലാം എ യു മേനോന്റെ സജീവ സാനിധ്യമുണ്ടായിരുന്നു. സഖാവ് ഇ എം സുമൊത്തു ഒരേ റൂമില്‍ താമസിക്കുകയും സമരമുഖങ്ങളില്‍ ഒരുമിച്ച് പോരാടുകയും ചെയ്തിരുന്നു.
കോഴിക്കോട് സമരമുഖത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഒരു വര്‍ഷം തടവില്‍ കഴിയേണ്ടിവന്നതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ജയില്‍ ജീവിതം. ആന്‍ഡമാനില്‍ നിന്നും ഒരു വര്‍ഷത്തിനുശേഷം കോഴിക്കോട് തിരിച്ചെത്തി വീണ്ടും സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിയാവുകയും ചെയ്തു. പിന്നീട് പലപ്പോഴായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും മറ്റു പല സബ് ജയിലുകളിലുമായി ആറു വര്‍ഷത്തോളം തടവില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പലതവണ ജയില്‍ ജീവിതവും മറ്റുമായി അദ്ദേഹം മുന്നോട്ടു പോയപ്പോള്‍ സ്വന്തം നിലക്ക് തുടങ്ങിയ മലബാര്‍ എമ്പോറിയം മുന്നോട്ടു കൊണ്ടുപോവാന്‍ പ്രയാസമാവുകയും സ്ഥാപനം തന്നെ അടച്ചുപൂട്ടി കോട്ടക്കലിലേക്ക് തിരിച്ചുപോരുകയും ചെയ്തു.
കോട്ടക്കലില്‍ വന്നതിനുശേഷം കോട്ടപ്പടി പാലത്തിനടുത് ഒറ്റമുറിയില്‍ ഖദര്‍ വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്ന തുന്നല്‍ക്കടയും ഒപ്പം മലയാള മനോരമ ഏജന്റുമായി പ്രവര്‍ത്തിച്ചാണ് കുടുംബം പോറ്റുവാനുള്ള വരുമാനം കണ്ടെത്തിയത്. ഇവിടെ വന്നതിനുശേഷവും അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇവിടുത്തെ അദ്ദേഹത്തിന്റെ പ്രധാന സഹപ്രവര്‍ത്തകര്‍ താനൂരില്‍ നിന്നുള്ള അസൈനാര്കുട്ടിയും മാതൃഭൂമി മാധവന് നായരുമായിരുന്നു. പി മാധവ വാരിയര്‍ കോട്ടക്കല്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് എ യു മേനോനായിരുന്നു വര്‍ക്കിംഗ് പ്രസിഡന്റ്. ആ കാലത്ത് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരെ ചൈനീസ് ചാരന്മാര് എന്നു മുദ്രകുത്തി പോലീസ് ജയിലില്‍ അടക്കുന്ന പതിവുണ്ടായിരുന്നു. ഇതില്‍ നിന്നും രക്ഷ നേടാന്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ് ഉണ്ടായാല്‍ മതിയായിരുന്നു. കോട്ടക്കലിലെ ഒട്ടനവധി പേരെ കാലണ വാങ്ങി കോണ്‍ഗ്രസ്സില്‍ മെമ്പര്‍ഷിപ് നല്കി രക്ഷപെടുത്തിയിട്ടുണ്ട്.
കോട്ടക്കല്‍ കോട്ടപ്പടി ചാലിയാതെരുവില് ആരംഭിച്ച നെയ്തു സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ആയി കുറെ കാലം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരിന്നു. കോട്ടക്കല്‍ കാവതികളം ചീനംപുത്തൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോവിലകം വക ശ്മശാനം ഒരു സ്വകാര്യവ്യക്തി അദ്ദേഹത്തിന്റെ കാര്‍ ഷെഡാക്കി മാറ്റാനുള്ള ശ്രമം തടഞ്ഞത് എ യു മേനോനും ചെമ്മരത്ത് രാമചന്ദ്രന് നായരും ചേര്‍ന്ന് രൂപംകൊടുത്ത കമ്മിറ്റിയും അവര്‍ നടത്തിയ ജനകിയ മാര്‍ച്ചുമാണ്. ഈ ശ്മശാന സ്ഥലം കുഴിച്ചു പരിശോധിച്ചപ്പോള്‍ അവിടെ നിന്നും ആനയുടെ ജഡം ലഭിക്കുകയും അതിനു ശേഷം ഈ സ്വകാര്യവ്യക്തി അദ്ദേഹത്തിന്റെ ഉദ്ധ്യമത്തില്‍ നിന്ന് പിന്മാറുകയും സ്ഥലം പിന്നീട് പൊതു ശ്മശാനമായി മാറുകയും ചെയ്തു.
കോട്ടപ്പടിയിലെ അദ്ദേഹത്തിന്റെ ടെയ്ലറിങ് ഷോപ്പ് ഒരു കോണ്‍ഗ്രസ്സ് ഓഫീസ് പോലെ തന്നെയായിരുന്നു. കോട്ടക്കല്‍ ആയുര്വൈദ്യ ശാലയില്‍ ആയുര്‍വേദ ചികിത്സക്കായി വന്ന അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് വി വി ഗിരിയുടെ മെസ്സെഞ്ചറായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.ഈ അവസരത്തില്‍ വി വി ഗിരി എ യു മേനോന്റെ തുന്നല്‍ക്കട സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കോട്ടക്കല്‍ പി എസ് വി ആയുര്‍വേദ കോളേജിലെ നിരവധി കെ എസ് യു പ്രവര്‍ത്തകര്‍ ഇവിടുത്തെ നിത്യ സന്ദര്‍ശകരായിരുന്നു. അങ്ങനെ എത്തുന്നവരില്‍ പ്രമുഖരായിരുന്നു മരണപെട്ട മുന്‍ ആരോഗ്യമന്ത്രി എ സി ഷണ്മുഖ ദാസും ഇപ്പോഴത്തെ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും. ഈ കാലത്ത് ഒരു ദിവസം വളരെ അപ്രതീക്ഷിതമായി എ യു മേനോനുമായുള്ള തന്റെ സൗഹൃദം പുതുക്കുന്നതിനു വേണ്ടി സഖാവ് ഇ എം എസ് കാവതികളത്തുള്ള എ യു മേനോന്റെ ദ്വാരക എന്ന വീട്ടില്‍ വരുകയും അദ്ദേഹത്തിന്റെ ആതിഥേയത്വം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
വളരെ ചെറിയ പ്രായം തൊട്ടുത്തന്നെ ഖദര്‍ വസ്ത്രം മാത്രം ധരിക്കുകയും, ആത്മാര്‍ത്ഥതയും സത്യസന്ധതയും മാത്രം കൈമുതലായുള്ള കോണ്ഗ്രെസ്സുകാരനായതുകൊണ്ടും എ യു മേനോന്റെ സമകാലികനും മാര്‍ക്സിസ്റ്റു സഹയാത്രികനുമായിരുന്ന എ പി കൃഷ്ണന് എ യു മേനോന് അറിഞ്ഞു നല്‍കിയിരുന്ന പേരായിരുന്നു ‘ഫുള്‍ കോണ്‍ഗ്രസ്’. ഈ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയിലാരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിവുള്ളതാണ്.
ഖദര്‍ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹത്തിനു പ്രത്യേകമായ പ്രാഗല്ഭ്യമുണ്ടായിരുന്നു.ആ കാലത്ത് കോഴിക്കോട് വെച്ച് നടന്ന ഖദര്‍ വസ്ത്രങ്ങളുടെ എക്സിബിഷനില്‍ പങ്കെടുക്കുകയും അതില്‍ ഒന്നാമനാവുകയും അന്നത്തെ കളക്ടറായിരുന്ന പ്രസാദില്‍ നിന്ന് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
1972 ഓഗസ്റ്റ് 15നു രാജ്യം 25-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ച ചടങ്ങില്‍ വെച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിര ഗാന്ധിയാണ് എ യു മേനോനെ തമ്മ്രപത്രം നല്കി ആദരിച്ചത്. രാഷ്ട്രം ആദരിച്ച ഈ സ്വാതന്ത്ര്യസമര സേനാനിക്ക് സ്വന്തം ജന്മനാട്ടില് വേണ്ടത്ര പരിഗണന ലഭിച്ചോ എന്ന കാര്യം സംശയമാണ്. ഇങ്ങനെ ഒരാള്‍ കോട്ടക്കലില്‍ ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവും ഇന്ന് ഇവിടെ അവശേഷിക്കുന്നതായി നമ്മള്‍ക്ക് കാണാന്‍ കഴിയില്ല എന്നത് തികച്ചും നിര്‍ഭാഗ്യകരമായ കാര്യമാണ്.
1983 ഡിസംബര്‍ 3-നാണ് ഈ നിസ്വാര്‍ത്ഥനായ സ്വാതന്ത്ര്യസമര സേനാനി ഇഹലോകവാസം വെടിഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ ഒരു അനുസ്മരണ സമ്മേളനം പോലും സങ്കടിപ്പിക്കുവാന്‍ ഇവിടുത്തെ പൊതുജനങ്ങളോ, സന്നദ്ധമായില്ല എന്നത് ഒരു അത്ഭുതമായി അവശേഷിക്കുന്നു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനും വളരെ വലിയ യാതനകള്‍ അനുഭവിച്ചതിനും എടരിക്കോട് 2.84 ഏക്ര സ്ഥലം സര്‍ക്കാര്‍ അദ്ദേഹത്തിന് അനുവദിച്ചു കിട്ടുകയുണ്ടായിരുന്നു. ഇതില്‍ നിന്ന് ഒരു ഏക്ര സ്ഥലം ദേവര്‍ശോല ഓത്തുപള്ളിക്ക് ആ കാലത്തുതന്നെ ദാനമായി നല്‍കുകയും ചെയ്തിരുന്നു. ഈ ഓത്തുപള്ളിയാണ് പിന്നീട് ഗവ: എല്‍ പി സ്കൂളായി മാറിയത്. ഈ സ്കൂളിന്റെ 100-മത് വാര്‍ഷികം ആഘോഷിച്ചപ്പോള്‍, അതിനോടനുബന്ധിച്ചു നടന്ന എ യു മേനോന് അനുസ്മരണവും ഒരു ഫോട്ടോ അനാച്ഛാദനവും മാത്രമാണ് ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ബ്രിട്ടീഷ് പോലീസിന്റെ ചവിട്ടും തൊഴിയും കൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ശിഷ്ടകാലം നാടിന്റെയും നാട്ടുകാരുടെയും ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ധീര ദേശാഭിമാനിക്ക് ഈ പ്രദേശത്തുനിന്ന് ലഭിച്ച ഏക അംഗീകാരം.
ഇന്ന് സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ കേട്ട് എ യു മേനോന് സ്വര്‍ഗത്തിലിരുന്ന് നമ്മളെ നോക്കി ലജ്ജിച്ച് തല താഴ്ത്തുന്നതായും അദ്ദേഹത്തിന് ലഭിച്ച തമ്മ്രപത്രം ചവറ്റുകൊട്ടയില്‍ കിടന്ന് നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നതുമായി കോട്ടക്കല്‍ പൗരാവലിക്ക് തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം.
© 2019 IBC Live. Developed By Web Designer London