ഭരണഘടന ഉറപ്പ് തരുന്ന അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് രാജ്യത്തിന് എതിരെ ജനങ്ങളെ ഇളക്കിവിടുന്ന രീതിയിൽ അത് ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പി ഉബൈദ് അഭിപ്രായപ്പെട്ടു. ദേശീയ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ നടത്തിയ വെബ്ബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പൗരനും ന്യായമായും മാന്യമായും ജീവിക്കാൻ ഉള്ള എല്ലാ നിർദ്ദേശങ്ങളും ഉള്ള മഹത്തരമായ ഭരണഘടനയാണ് ഇന്ത്യയുടേത്. പൗരൻറെ മൗലീകാവകാശം ലംഘിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതും ഈ ഭരണഘടനയുടെ മഹത്വമാണ്. അതുകൊണ്ടുതന്നെ ഈ ഭരണഘടനാമൂല്യങ്ങൾ നിലനിർത്തുന്നതിനായി തൻറെ കടമകളെക്കുറിച്ചും എല്ലാവരും ബോധവാൻമാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുല്യത, സാഹോദര്യം, നീതി തുടങ്ങിയ മൂല്യങ്ങളിലധിഷ്ടിതമായ ഇന്ത്യൻ ഭരണ ഘടന മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ റീജ്യണൽ ഔട്ട്റീച്ച് ബ്യൂറോ കേരള- ലക്ഷദ്വീപ് മേഖല ജോയിൻറ് ഡയറക്ടർ ഡോ. നീതു സോന ഐ ഐ എസ് അഭിപ്രായപ്പെട്ടു. ഇന്ത്യയെ ഒരു രാജ്യം എന്ന രീതിയിൽ ഐക്യത്തോടെ നിലനിർത്താൻ നമുക്ക് മഹത്തരമായ ഭരണഘടന ഉള്ളതിനൊപ്പം തന്നെ ഇത്തരത്തിൽ രാജ്യം നിലനിർത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണെന്നും അവർ കൂട്ടിച്ചേർത്തു. വളാഞ്ചേരി മർക്കസ് ആർട്സ് ആൻറ് സയൻസ് കോളേജ് കോമേഴ്സ് വിഭാഗവുമായി സഹകരിച്ച് നടത്തിയ വെബ്ബിനാറിൽ പ്രിൻസിപ്പൾ ഡോ. സി.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ശ്രീ. പ്രജിത്ത് കുമാർ എം.വി. സ്വാഗതവും മർക്കസ് കോളേജ് കോമേഴ്സ് വിഭാഗം തലവൻ ശ്രീ. സറഫുദ്ദീൻ പി. നന്ദിയും പറഞ്ഞു. ശ്രീ. സി. ഉദയകുമാർ ആശംസ അറിയിച്ചു.
© 2019 IBC Live. Developed By Web Designer London