ടി പി ജലാൽ
ഫുജൈറ: യു.എ.ഇയിലെ ഫുജൈറ അന്താരാഷ്ട്രാ എയർപോർട്ടിൽ നിന്നും കേരളത്തിലേക്ക് ഫ്ലൈറ്റ് സർവീസ് ഉടൻ ആരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ എയറുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ഇൻഡിഗോയുടെ മുംബൈ ഓഫീസ് വഴിയാണ് ഫുജൈറ എയർപോർട്ട് അതോറിറ്റിയുടെ ചർച്ച പുരോഗമിക്കുന്നത്. മുംബൈയും കേരളത്തിൽ കൊച്ചിയുമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. പിന്നീട് കോഴിക്കോടും പരിഗണിച്ചേക്കും. കഴിഞ്ഞ ഒക്ടോബർ 25ന് പാക്കിസ്ഥാനിലേക്ക് സർവ്വീസ് ആരംഭിച്ചതോടെയാണ് മുമ്പ് അന്താരാഷ്ട്രാ സർവീസ് നിർത്തി വെച്ചിരുന്ന ഫുജൈറ എയർപോർട്ട് വീണ്ടും പ്രവർത്തന ക്ഷമമായത്. ആഴ്ചയിൽ അഞ്ച് ഫ്ലൈറ്റുകളാണ് ട്വൊന്റി-ട്വൊന്റി ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് (പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്) പി.ഐ.എ സർവീസ് ആരംഭിച്ചത്. ഇതേസമയത്ത് ഇന്ത്യയിലേക്കും സർവീസ് ആരംഭിക്കുമെന്ന് പ്രവാസി മലയാളികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടന്നില്ല.
ഖോർഫക്കാൻ, ദിബ്ബ, ഫുജൈറ ഭാഗങ്ങളിൽ നിന്നും പ്രവാസികൾക്ക് നാട്ടിലെത്താൻ നിലവിൽ ദുബൈ,റാസൽ ഖൈമ,ഷാർജ,എയർപോർട്ടുകളെ ആശ്രയിക്കുകയാണ്. ഫുജൈറയിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ ഷാർജയിലേക്ക് 1.18 മണിക്കൂറും റാസൽ ഖൈമയിലേക്ക് 1.30 മണിക്കൂറും ദൂബൈയിലേക്ക് 1.20 മണിക്കൂറുമുള്ള യാത്ര ഒഴിവാക്കാനാവും. ഒപ്പം ടിക്കറ്റ് നിരക്കും ലാഭിക്കാം.
1987 ഒക്ടോബറിലാണ് ഫുജൈറ എയർപോർട്ട് ആരംഭിച്ചത്. 2004ൽ പാക്കിസ്ഥാനിലേക്കും പിന്നീട് കേരളമടക്കമുള്ള ഇന്ത്യയിലെ വിവധ എയർപോർട്ടുകളിലേക്കും സർവ്വീസ് ആരംഭിച്ചിരുന്നു. പിന്നീട് മോശം കാലാവസ്ഥ മൂലം എയർപോർട്ട് അടച്ചിട്ടു. ഇതോടെ യാത്രക്കാർ വീണ്ടും ഷാർജയേയും ദുബൈയേയും ആശ്രയിച്ചു. വീണ്ടും തുറന്നു പ്രവർത്തിച്ചെങ്കിലും യാത്രക്കാർ കുറവായതിനാൽ വിമാനക്കമ്പനികൾ സർവീസ് നിർത്തി വെക്കുകയായിരുന്നു. കടുത്ത പ്രതിസന്ധി നേരിട്ട സമയത്ത് പോലും ജീവനക്കാരെ നിലനിർത്തി എയർപോർട്ടിന്റെ പ്രവർത്തനം തുടർന്നു വരുന്നതിനാൽ ജീവനക്കാരുടെ കുറവ് ഇവിടുത്തെ സേവനത്തെ ബാധിക്കില്ല. ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ തുറമുഖങ്ങളിൽ ജോലിയെടുക്കുന്ന ആയിക്കണക്കിന് പ്രവാസി മലയാളികൾക്കും വ്യവസായികൾക്കും പുതിയ വിമാന സർവീസ് സൗകര്യപ്പെടും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London