കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നെന്ന് എന്‍ഐഎ. സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎ ഇക്കാര്യം പറഞ്ഞത്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് സ്വപ്നയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നതായി എന്‍ഐഎ പറഞ്ഞു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളി ആയിരുന്നു. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയിലും സ്വപ്നയ്ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നെന്നും എന്‍ഐഎ അറിയിച്ചു.
കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎയ്ക്ക് വേണ്ടി ഹാജരാകുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്ന രാജിവെച്ച ശേഷവും 1000 ഡോളര്‍ പ്രതിഫലം കോണ്‍സുലേറ്റ് നല്‍കിയിരുന്നെന്നും വിദേശത്തും സ്വപ്നയ്ക്ക് വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. തന്റെ അഭ്യുദയകാംക്ഷി ആയിരുന്നു ശിവശങ്കറെന്ന് സ്വപ്ന എന്‍ഐഎയ്ക്ക് മൊഴി നല്കി.
സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ശിവശങ്കറിനെ അദ്ദേഹത്തിന്റെ ഫ്ളാറ്റിലെത്തി കണ്ടിരുന്നു. എന്നാല്‍, അത്തരത്തില്‍ ബാഗ് വിട്ടുകിട്ടുന്നതില്‍ ഇടപെടാന്‍ ശിവശങ്കര്‍ തയ്യാറായില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. സ്പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വപ്നയെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കറാണ്. സ്പേസ് പാര്‍ക്ക് പ്രൊജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനമാണുള്ളത്. സ്വര്‍ണ്ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും 50,000 രൂപയാണ് കിട്ടിയതെന്നും എന്‍ഐഎ വെളിപ്പെടുത്തി.
© 2019 IBC Live. Developed By Web Designer London