പിങ്ക് പൊലീസ് അച്ഛനെയും എട്ടുവയസുകാരിയായ മകളെയും പരസ്യമായി വിചാരണ ചെയ്ത സംഭവത്തിൽ ഡിജിപിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ സർക്കാർ തയ്യാറാക്കിയ റിപ്പോർട്ട് അപൂർണമെന്നാണ് കോടതി വിമർശനം. വിചാരണാ ദൃശ്യങ്ങളിലുള്ളതും സർക്കാർ റിപ്പോർട്ടിൽ പറയുന്നതും തമ്മിൽ പൊരുത്തക്കേടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടും കേസെടുത്തില്ല. ബാലാവകാശ കമ്മിഷനും കേസെടുക്കാൻ നിർദേശിച്ചിരുന്നു. പൊലീസ് വിചാരണ ചെയ്ത കുട്ടിക്ക് എന്ത് നീതിയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. കുട്ടിയെ അപമാനിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന സർക്കാർ വാദത്തെ കോടതി എതിർത്തു. കുട്ടി പുറഞ്ഞ കാര്യങ്ങൾ നുണയല്ലെന്നും ഫോണിന്റെ കാര്യം എന്തിന് കുട്ടിയോട് ചോദിച്ചു എന്നും ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് കേസിൽ ബാധകമല്ലെന്ന സർക്കാർ നിലപാടിനെയും കോടതി എതിർത്തു. കേസിൽ സർക്കാർ പലതും മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് സംബന്ധിച്ച് സർക്കാർ റിപ്പോർട്ടിൽ ഇല്ലെന്നും വിമർശനമുയർന്നു.
കേസ് പരിഗണിച്ചുതുടങ്ങിയ ഘട്ടത്തിൽ തന്നെ രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തെന്നും കോടതി ചോദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന സർക്കാർ അഭിഭാഷകന്റെ മറുപടിക്ക് സ്ഥലംമാറ്റം ഒരു ശിക്ഷയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈൽ ഫോൺ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London