പിണറായി സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ തെറ്റായ നിലപാടുകൾ വിദ്യാർത്ഥികളുടെ ആത്മഹത്യകളുടെ നാടാക്കി കേരളത്തെ മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാത്തതിനാൽ ആത്മഹത്യ ചെയ്ത തിരൂരങ്ങാടി ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പന്താരങ്ങാടി ലക്ഷം വീട് കോളനിയിലെ അഞ്ജലിയുടെ വീടു സന്ദർശിച്ച് മാതാ -പിതാക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും മുമ്പ് എല്ലാം റെഡിയാണെന്നാണ് സർക്കാർ പറഞ്ഞത്, എന്നാൽ പരാതികളുയുയർന്നപ്പോൾ പരീക്ഷണമാണെന്ന് ന്യായം പറഞ്ഞു. വളാഞ്ചേരിയിലെ ദേവിക എന്ന വിദ്യാർത്ഥിനിയുടെ മരണം സംഭവിച്ചിട്ടും സർക്കാർ ജാഗ്രത കാട്ടിയില്ലെന്നതാണ് തിരൂരങ്ങാടിയിലെ അഞ്ജലിയുടെ ആത്മഹത്യ നൽകുന്ന സൂചന.
മലപ്പുറം ജില്ലയിലെ രണ്ടു പട്ടികജാതി വിദ്യാർത്ഥിനികളാണ് രണ്ടാഴ്ചക്കുള്ളിൽ ആത്മഹത്യ ചെയ്തത് എന്ന കാര്യം ഗൗരവമുള്ളതാണ്. ഒന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീലിന്റെ നാട്ടിലാണെങ്കിൽ മറ്റൊന്ന് മുൻ വിദ്യാഭ്യാസ വകപ്പു മന്ത്രിയുടെ നാട്ടിലാണ്. ഈ സാഹചര്യത്തിന് സി പി എം, മുസ്ലീം ലീഗും നേതൃത്വം നൽകുന്ന ഇരു മുന്നണി സർക്കാരുകളും ഉത്തരവാദികളാണ്. പട്ടികജാതി സമൂഹത്തോട് കേരളത്തിലെ സർക്കാരുകൾ കാലങ്ങളായി കൊടിയ അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, മേഖലാ പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ജനറൽ സെക്രട്ടറി എം. പ്രേമൻ മാസ്റ്റർ, നിയോജക മണ്ഡലം പ്രസിഡണ്ട് റിജു, സി.രാഘവ്, ജനറൽ സെക്രട്ടറി ശ്രീരാഗ് മോഹൻ, സി പി സുധാകരൻ, പി. ജഗന്നിവാസൻ, ശശീധരൻ പുന്നശ്ശേരി, യുവമോർച്ച നേതാക്കളായ ഷിദുകൃഷ്ണൻ, സജീഷ് ഏലായിൽ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
© 2019 IBC Live. Developed By Web Designer London