തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് അവയ്ലബിൾ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ആയിരുന്നു. എന്നാൽ, അന്തിമ തീരുമാനം വ്യാഴാഴ്ച സമ്പൂർണ സെക്രട്ടേറിയറ്റ് യോഗത്തിൽ മതിയെന്നാണ് തീരുമാനം.
ഇന്ന് ചേർന്ന യോഗത്തിൽ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിക്കെതിരെ വിമർശനം ഉയർന്നു. യോഗത്തിൽ എതിരാളികൾക്ക് ആയുധം നൽകുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎം അവയ്ലബിൾ സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു. രാജിവെക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സജിചെറിയാൻ ചോദിച്ചു. എന്താണ് പ്രശ്നമെന്നും ഇക്കാര്യത്തിൽ ഇന്നലെ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ തത്ക്കാലം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. മന്ത്രി നിയമസഭയിൽ ഖേദപ്രകടനം നടത്തുകയും പ്രസ്താവന വാർത്താക്കുറിപ്പായി പുറത്തിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും സിപിഎം നേതൃത്വവും.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ഗുരുതര ആരോപണം. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നിരുന്നു. താൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടു. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് താൻ. താനുൾപ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയർത്തിപ്പിടിക്കുന്നവരുടെ മുൻപന്തിയിലാണ്’ എന്ന് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London