പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി രംഗത്ത്. രാജാവാണെന്ന് പോലീസ് കരുതരുത്. ജനാധിപത്യത്തിൽ പോലീസ് അടിച്ചമർത്താനുള്ള സേനയല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കവെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയത്. നേരത്തെ പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതികളിൽ പലതവണ ഹൈക്കോടതി നിശിത വിമർശനം നടത്തിയിരുന്നു. പൊലീസിനും ജഡ്ജിക്കും വേണ്ടത് ഭരണഘടനാ ബോധമാണ്. രാജാവാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ കരുതരുത്. പൊലീസിന്റെ മാനസികാവസ്ഥ മാറണം. ജനാധിപത്യത്തിൽ ജനം മാത്രമാണ് രാജാവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
തെറ്റ് ചെയ്തെന്ന് പറഞ്ഞാൽ പോലീസിന്റെ ധാർമ്മികത തകരില്ല. സമൂഹം സസൂക്ഷ്മം നിരീക്ഷിക്കുന്നത് കൊണ്ട് തന്നെ തെറ്റ് ചെയ്താൽ ആരും കണ്ടുപിടിക്കില്ലെന്ന് ഉദ്യോഗസ്ഥർ കരുതരുത്. പൊലീസിനെ കുറിച്ചുള്ള നിരവധി പരാതികൾ നിരന്തരം കോടതികളിൽ എത്തുന്നുണ്ട്. തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ മാറ്റി നിർത്താനുള്ള മനോധൈര്യം പൊലീസ് സേനയ്ക്കുണ്ടാകണം. ജനമൈത്രി സ്റ്റേഷനുകൾ എന്ന പേരിൽ പ്രത്യേക സ്റ്റേഷനുകളല്ല വേണ്ടതെന്നും മറിച്ച് എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആകണമെന്നും ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London