മലപ്പുറം : ഹയര്‍സെക്കണ്ടറി ഹിസ്റ്ററി ജൂനിയര്‍ തസ്തികയില്‍ നിയമനത്തിനായി ഉദ്യോഗാര്ത്തികളുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. 2017 ഓഗസ്റ്റില്‍ വിജ്ഞാപനം വന്ന തസ്തികയിലെ നിയമനമാണ് വൈകുന്നത്. പരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കിയിട്ടും റാങ്ക്ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെയാണ് പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ അനിശ്ചിചിതത്വലാക്കുന്നത്. 2017 ജൂണ്‍ 30 ന് പഴയ ലിസ്റ്റിന്റെ കാലാവധി തീര്‍ന്നതിനാലും പൊതുവിദ്യാഭ്യാസം മികച്ചതാക്കാനുള യജ്ഞം നടക്കുന്നതിനാലും റാങ്ക് ലിസ്റ്റ് നീണ്ടു പോകുന്നതില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കു ആശങ്കയുണ്ട്.
ഇംഗ്ലീഷ്, പൊളിറ്റിക്സ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളുടെ ഉള്‍പ്പെടെ ഒരുമിച്ചായിരുന്നു വിജ്ഞാപനം. 2018 ഡിസംബര്‍ 3ന് പരീക്ഷനടത്തുകയും 2019 ജൂണില്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 2020 ജനുവരിയില്‍ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി റാങ്ക്ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചില്ല. മറ്റുവിഷയങ്ങളുടെ റാങ്കുലിസ്റ്റുകള്‍ വരികയും പലതിന്റെയും അഡൈ്വസ് മെമ്മോ അയക്കുകയും ചില വിഷയങ്ങളില്‍ നിയമനം നടക്കുകയും ചെയ്തു. ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ ഹിസ്റ്ററി അധ്യാപകരുടെ തസ്തിക ഗസ്റ്റ് അധ്യാപകരാണ് കൈകാര്യം ചെയ്യുന്നത്.
നീണ്ട ഇടവേളക്ക് ശേഷം നടന്ന പരീക്ഷ ആയതിനാല്‍ പരീക്ഷ പാസ്സായ പല ഉദ്യോഗാര്‍ത്ഥികളും പ്രായ പരിധി പിന്നിട്ടവരാണ്. അതിനാല്‍ തന്നെ നിയമനങ്ങള്‍ വൈകുന്നതില്‍ ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. കോവിഡ് പശ്ചാതലത്തില്‍ മുടങ്ങിയിരുന്ന ഓഫീസ് ജോലികള്‍ പുനരാരംഭിക്കുകയും മെയ് മുതല്‍ ചില ലിസ്റ്റുകള്‍ വരാന്‍ തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഹയര്‍സെക്കണ്ടറി ഹിസ്റ്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി നടപടി എടുക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
© 2019 IBC Live. Developed By Web Designer London