ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽനിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയർന്നു. ഈ സാഹചര്യത്തിലാണ് നടപടി.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ ആറ് സ്പിൽവേ ഷട്ടറുകൾ 120 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. 8,380 ഘനയടി വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്. മുന്നറിയിപ്പ് നൽകാതെയാണ് തമിഴ്നാട് 9 മണിയോടെ മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളിൽ തന്നെ നിരവധി വീടുകളിൽ വെള്ളം കയറി. നടപടിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഈ വർഷം മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയർന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണിൽ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London