തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾക്ക് അഞ്ച് വർഷം വരെ തടവ്. സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഉറപ്പാക്കിക്കൊണ്ട് പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. പോലിസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. സൈബർ അധിക്ഷേപക്കേസുകളിൽ വാറന്റ് ഇല്ലാതെ തന്നെ പോലിസിന് ഇനി അറസ്റ്റുചെയ്യാമെന്നതാണ് പുതിയ വ്യവസ്ഥ.
സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവയെ നേരിടാൻ നിലവിലെ നിയമവ്യവസ്ഥകൾ അപര്യാപ്തമായ സാഹചര്യത്തിലാണ് ഭേദഗതി വരുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. അടുത്ത കാലത്ത് സൈബർ വേദികൾ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങൾ സ്ത്രീ സമൂഹത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സ്വകാര്യജീവിതത്തിനും സൈബർ ആക്രമണങ്ങൾ വലിയ ഭീഷണിയായി.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേർക്കുന്ന വകുപ്പിലുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London