മലപ്പുറം ജില്ലയിലെ പതിനാറ് അസംബ്ലി മണ്ഡലങ്ങളിൽ നിലമ്പൂർ, പൊന്നാനി, വണ്ടൂർ, തവനൂർ എന്നിവിടങ്ങളിൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചു പോരുന്നത്. 2016ൽ നിലമ്പൂരിലെ കോൺഗ്രസിൻ്റെ 40 വർഷത്തെ കുത്തക തകർത്ത് എൽ ഡി എഫ് അട്ടിമറി വിജയം നേടുകയുണ്ടായി. എം പി ഗംഗാധരനെ നിയമസഭയിലെത്തിച്ചു പോന്ന പൊന്നാനിയിൽ തുടർച്ചയായ മൂന്ന് വിജയങ്ങൾ എൽ.ഡി.എഫ് നേടി. രൂപീകരണം മുതൽ തവനൂർ എൽ.ഡി.എഫിനൊപ്പമാണെങ്കിലും എടപ്പാളൊഴികെയുള്ള മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും പഴയ തിരൂരിൻ്റെ ഭാഗമായിരുന്നുവെന്നത് യു.ഡി.എഫിന് പ്രതീക്ഷ നൽന്നു. വണ്ടൂർ മാത്രമാണ് നിലവിൽ കോൺഗ്രസിൻ്റെ കൈവശമുള്ളത്.
കേരള ഭരണം തിരിച്ചുപിടിക്കാനും, അമ്പത് സീറ്റിനു മുകളിൽ വ്യക്തിഗതമായി നേടാനും പദ്ധതിയിടുന്ന കോൺഗ്രസ് മലപ്പുറത്ത് നൂറു ശതമാനം വിജയത്തിൽ കുറഞ്ഞ മറ്റൊന്നും ലക്ഷ്യമിടുന്നില്ല.
വണ്ടൂരിൽ വീണ്ടും അങ്കം കുറിക്കുന്നതോടെ എ.പി. അനിൽകുമാർ സാമാജികത്വത്തിൻ്റെ കാൽ നൂറ്റാണ്ടു പൂർത്തിയാക്കും. മറ്റു മണ്ഡലങ്ങളിൽ പുതുരക്തങ്ങളെ പരീക്ഷിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലമ്പൂർ സീറ്റിനായി ആര്യാടൻ ഷൗക്കത്ത് പിടിമുറുക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ സുഗമമല്ല. വി.വി.പ്രകാശ്, വി.എസ്.ജോയ് തുടങ്ങിയ പേരുകൾക്കാണ് മുൻതൂക്കം. മണ്ഡലത്തിനു പുറത്തുള്ളവരെ പരിഗണിച്ചാൽ മതിയെന്ന വാദം വ്യാപകമായുണ്ട്. റിയാസ് മുക്കോളി, പി.ടി.അജയ് മോഹൻ, കെ.പി.നൗഷാദ് അലി തുടങ്ങിയവരും പരിഗണനയിലുണ്ട്.
കടുത്ത ഗ്രൂപ്പ് പോരും, കാലുവാരലും മൂലം പൊന്നാനി സമീപകാലത്തായികോൺഗ്ര സിന് കിട്ടാക്കനിയാണ്. സമാന അവസ്ഥയാണ് തവനൂരിലുമുള്ളത്. ഈ മണ്ഡലങ്ങളുടെ പരിധിയിലുള്ള മാറഞ്ചേരി, മംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ വലിയ ഭൂരിപക്ഷത്തിനാണ് സി.പി.എം പിടിച്ചടക്കിയത്. മാറഞ്ചേരിയിൽ മുൻ ഡി.സി.സി പ്രസിഡണ്ട് യു. അബൂബക്കറിൻ്റെ മകൻ ഷാജി റിബലായി മത്സരിച്ച് ഒമ്പതിനായിരത്തിനടുത്ത വോട്ടുകൾ നേടി. ഒരു വിഭാഗം ലീഗ് വോട്ടുകളും, മുസ്ലിം സാമുദായിക പിന്തുണയും അനുകൂലമാക്കാനുള്ള കെ.ടി.ജലീലിൻ്റെ മിടുക്ക് തവനൂരിൽ പ്രകടമാണ്.
ഐ വിഭാഗത്തിൽ നിന്നും എ.എം രോഹിത്, സിദ്ദീഖ് പന്താവുർ, ഇ.പി.രാജീവ്, യുകെ .അഭിലാഷ്, വി.ബാബുരാജ്, ഫാത്തിമ റോഷ്ന തുടങ്ങി വലിയ നിര സീറ്റിനായി രംഗത്തുണ്ട്. എ ഗ്രൂപ്പിൽ നിന്നും റിയാസ് മൂക്കോളി, പി.ഇഫ്തികറുദ്ദീൻ, വി.എ.കരീം, ഇ.മുഹമ്മദ്കുഞ്ഞി, അഡ്വ.ശിവരാമൻ, അഡ്വ. പത്മകുമാർ തുടങ്ങിയവർ കളത്തിലുണ്ട്.ഗ്രൂപ്പിനതീതനായ കെ.പി.സി.സി സെക്രട്ടറി കെ.പി.നൗഷാദ് അലിയുടെ പേരും നേതൃത്വം ഇവിടങ്ങളിലേക്ക് പരിഗണിക്കുന്നു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London