തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. ഒരു മനുഷ്യജീവൻ രക്ഷിക്കുന്നതിൽ കാണിച്ച അലംഭാവം പൊറുക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജഗിരി ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിലെത്തിച്ച വ്യക്ക ഏറ്റുവാങ്ങാൻ വൈകിയെന്നത് ഗുരുതര ആരോപണമാണ്. കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവൻ നഷ്ടമാകാൻ കാരണം. അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് മാറിനിൽക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തിൽ പ്രതിസ്ഥാനത്താണെന്നും സുധാകരൻ പറഞ്ഞു.
ശസ്ത്രക്രിയ സംബന്ധിച്ച വിവരം അറിവുണ്ടായിട്ടും എന്തുകൊണ്ട് ഇത്തരമൊരു പിഴവ് ഉണ്ടായിയെന്ന് അന്വേഷിക്കണം. സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാകും. ആരോഗ്യ രംഗത്ത് ദേശീയപ്രശംസ നേടിയിട്ടുള്ള കേരളത്തെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അകാലത്തിൽ ജീവൻ നഷ്ടമായ സുരേഷ് കുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും സുധാകരൻ പറഞ്ഞു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London