ആന്റിഗ്വ ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ് സ്റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനവും സുരക്ഷിതവുമാണെന്ന് വീണ്ടും തെളിയിച്ച ദിവസമാണിന്ന്. രാജ് ബാവയും ഇടംകൈയ്യൻ പേസർ രവികുമാറും ചേർന്ന് ഇംഗ്ലണ്ടിന്റെ കൗമാരക്കാരെ 189/ 10 നു ചുരുട്ടിക്കൂട്ടിയപ്പോൾ മറുപടി ബാറ്റിംഗ് ഇന്ത്യക്കും അത്ര സുഗമമായിരുന്നില്ല. അഞ്ചു വിക്കറ്റ് നേടിയ രാജ് ബവയാണ് കളിയിലെ താരം. ഇന്ത്യൻ സമയം ഇന്നലെ രാത്രി നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ അഞ്ചാം തവണ അണ്ടർ 19 ഏകദിന ലോകകപ്പ് ചാമ്പ്യാൻമാരായത്. ആദ്യം ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 47.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിൽ എത്തി (195/6) കിരീടം സ്വന്തമാക്കുകയായിരുന്നു.
5 വിക്കറ്റും 35 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ച രാജ് ബവയുടെ ഓൾറൗണ്ട് പ്രകനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 4 വിക്കറ്റെടുത്ത രവി കുമാറും നിർണായക സമയത്ത് കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത് അർദ്ധ സെഞ്ച്വറി നേടിയ ഉപനായകൻ ഷെയിക്ക് റഷീദും (50) നിഷാന്ത് സന്ധുവും (പുറത്താകാതെ 50) വിജയത്തിന് മികച്ച സംഭാവന നൽകി. ചേസിംഗിൽ അക്കൗണ്ട് തുറക്കുന്നതിന് മുൻപേ ഓപ്പണർ അംഗ്രിഷ് രഘുവംഷിയെ നഷ്ടമായെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര സമ്മർദ്ദത്തിലാകാതെ വിജയത്തിലേക്ക് എത്തുകയായിരുന്നു. ഹർനൂർ സിംഗ് (20), ക്യാപ്ടൻ യഷ് ധുൾ(17), ദിനേഷ് ബന (പുറത്താകാതെ 5 പന്തിൽ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം ബാറ്റിങ്ങിൽ കാഴ്ചവച്ചു.ഇംഗ്ലണ്ടിന്റെ കൗമാരക്കാർ ജോഷ്വ ബോയ്ഡനും ജയിംസ് സാലസും ടോം ആസ്പിൻ വാളും ഈരണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ടോം പ്രെസ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ച് തുടക്കം മുതൽ ഇന്ത്യൻ പേസമാരായാ രവി കുമാറും രാജ് ബവയും നിറഞ്ഞാടുകയായിരുന്നു. ഇംഗ്ലീഷ് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപ്പണർ ജേക്കബ് ബെഥേലിനെ (2) വിക്കറ്റിന് മുന്നിൽ കുടുക്കി രവി കുമാർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. തന്റെ അടുത്ത ഓവറിൽ ഇംഗ്ലീഷ് നായകൻ ടോമിന്റെ കുറ്റി തെറിപ്പിച്ച് പൂജ്യനാക്കി മടക്കി രവി കുമാർ അടുത്ത വെടിപൊട്ടിച്ചു. തുടർന്ന് രാജ് ബാവയുടെ ഊഴമായിരുന്നു. ഓപ്പണർ ജോർജ് തോമസ് (27) 13-ാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ യഥാക്രമം വില്യം ലുക്സ്റ്റൺ (4), ജോർജ് ബെൽ (0), രെഹാൻ അഹമ്മദ് (10) എന്നിവർ ബാവയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ഡഗൗട്ടിൽ തിരിച്ചെത്തിയപ്പോൾ 16.2 ഓവറിൽ 61/6 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായി ഇംഗ്ലണ്ട്. അധികം വൈകാതെ അലക്സ് ഹോർട്ടൺ (10) കൗശൽ താംബെയുടെ പന്തിൽ ഇന്ത്യൻ ക്യാപ്ടൻ യഷ് ധുള്ലിന് ക്യാച്ച് നൽകി മടങ്ങി.
ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പതറാതെ പിടിച്ചു നിന്ന ജയിംസ് റ്യൂ (95) പിന്നീടെത്തിയ ജയിംസ് സെയിൽസുമായി (പുറത്താകാതെ 34) ചേർന്ന് വൻ തകർച്ചയിൽ നിന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. 91/7 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഇരുവരും എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 93 റൺസാണ് ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഇംഗ്ലീഷ് സ്കോർ 184ൽ വച്ച് റ്യൂവിനെ താംബെയുടെ കൈയിൽ എത്തിച്ച് രവികുമാർ വീണ്ടും ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂനൽകുകയായിരുന്നു. പകരമെത്തിയ തോമസ് ആസ്പിൻവാളിനും (0) ആ ഓവറിൽ രവി മടക്കടിക്കറ്റ് നൽകി. ലാസ്റ്റ് മാൻ ജോഷ്വ ബൊയിഡനെ വിക്കറ്റ് കീപ്പർ ദിനേശ് ബനയുടെ കൈയിൽ എത്തിച്ച് ബവ ഇംഗ്ലീഷ് ഇന്നിംഗ്സിന് തിരശീലയിടുകയായിരുന്നു. ബാവയുടെ അഞ്ചാം വിക്കറ്റുകൂടിയായിരുന്നു ഇത്.ഇടംകൈയ്യൻ പേസർ രവികുമാർ നിർണ്ണായകമായ നാലു വിക്കറ്റ് വീഴ്ത്തി.കൗശൽ താംബെക്ക് ഒരു വിക്കറ്റും ലഭിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London