ചീറിപ്പാഞ്ഞു സൈറൺ മുഴക്കി വരുന്ന ഓരോ ആംബുലൻസുകളും ഇനിയ മോൾക്ക് പ്രതീക്ഷകളാണ്. തന്റെ ഉപ്പ ജോലികഴിഞ്ഞെത്തുന്നതും കാത്തിരിക്കുകയാണവൾ.108 ആംബുലൻസ് സ്റ്റാഫ് നേഴ്സായ കുറുവ വറ്റലൂർ പള്ളി പറമ്പിൽ ഷജീറിന്റെ മകളാണ് ഇനിയ. ജോലി കഴിഞ്ഞ് തന്റെ ഉപ്പ വരുന്നതും കാത്ത് ഓരോ ആംബുലൻസ് നിലവിളികൾക്കും കാതോർത്തിരിക്കുകയാണവൾ. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഷജീറും സഹപ്രവർത്തകരും വീട്ടിലെത്തിയിട്ട് 25 ദിവസ്സത്തിലേറെയായി. കൊറോണ എന്ന മഹാമാരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ നെട്ടോട്ടമോടുന്നവരിൽ നാം കാണാതെ പോയവരിൽ ചിലരാണ് ആംബുലൻസ് ജീവനക്കാർ.
എന്താണ് വീട്ടിൽ പോവാത്തത് എന്ന ചോദ്യത്തിന് ഷജീർ തന്ന മറുപടി താനൊരു രോഗവാഹകനാവരുതല്ലോ എന്നായിരുന്നു. പ്രായമായ ഉമ്മയും, തന്റെ ഭാര്യയും കുഞ്ഞും സുരക്ഷിതരായിരിക്കാൻ വീട്ടിലേക്ക് പോകാറില്ല. രോഗികളുമായി അടുത്തിടപഴകുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും വീട്, കുടുംബം എന്ന സ്വപ്നം കുറച്ചു നാളെത്തേക്ക് ത്യജിച്ചിരിക്കുകയാണ്. ഇത് ഷജീറിന്റെ മാത്രം കഥയല്ല. അനേകം ആംബുലൻസ് ജീവനക്കാരാണ് ഈ ലോക്കഡൌൺ കാലത്തും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത്. ഇവർ നാടിന് വേണ്ടി വീട് ത്യജിച്ചിട്ട് ഇന്നേക്ക് 25 ദിവസ്സം പിന്നിടുന്നു. രോഗികളുമായി അടുത്തിടപഴകുന്നത് മൂലം കുടുംബത്തെ രക്ഷിക്കാൻ അവർ സ്വയം മുൻകരുതലുകളെടുക്കുന്നു.
ഇനിയ ആ കുരുന്ന് കാത്തിരിക്കുകയാണ്. മിഠായി പൊതിയുമായി വീട്ടിലെത്തുന്ന ഉപ്പയെ കാത്ത്. നിഷ്കളങ്കതയോടെ ഉള്ള ആ നോട്ടത്തിനു മുന്നിൽ ഏതു ഹൃദയവും ഒന്ന് പതറി പോവാം. പാതിരാവോളം ഉമ്മറപ്പടിയിൽ കണ്ണുംനട്ട് കാത്തിരിക്കുന്ന ആ മകളോട് ഉപ്പച്ചി നാളെ വരും എന്ന് ആവർത്തിച്ചു പറഞ്ഞ് മടുത്തിട്ടുണ്ടാവും വീട്ടുകാർക്ക്. അവൾക്കറിയില്ലല്ലോ അവളുടെ ഉപ്പ നാടിനുവേണ്ടി വീട് ത്യജിച്ചിരിക്കുകയാണെന്ന്…!
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London