കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ് ഹരിശങ്കർ ഐ പി എസ്. അംഗീകരിക്കാൻ പറ്റാത്ത വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും, 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. വിധി നൽകുന്നത് തെറ്റായ സന്ദേശമെന്ന് എസ് ഹരിശങ്കർ ഐ പി എസ് വ്യക്തമാക്കി. കേസിൽ സർക്കാർ അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. കേസിൽ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും.
എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London