കോട്ടയം: സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പളളികളിൽ പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. വൈദികരുടെ നേതൃത്വത്തിൽ പള്ളികളിൽ പ്രാർത്ഥന നടത്താനാണ് യാക്കോബായ സഭയുടെ തീരുമാനം. ഇതിനെത്തുടർന്ന് പലയിടങ്ങളിലും സംഘർഷാവസ്ഥയാണ്.
മുളന്തുരുത്തി പളളിയിലേക്ക് യാക്കോബായ വിശ്വാസികളായ നിരവധിപേരാണ് എത്തിയത്. സ്ഥലത്ത് സംഘർഷം നിലനിൽക്കുന്നതിനാൽ ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. പളളിയിൽ പ്രവേശിക്കുന്നത് തടയാനാണ് പൊലീസിന്റെ ശ്രമം. വടവുകോട് സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനുള്ള യാക്കോബായ വിശ്വാസികളുടെ നീക്കം പൊലീസ് തടഞ്ഞു. കോടതി വിധി മറികടക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസ് ഇടപെട്ടത്. പളളിക്ക് മുന്നിൽ വിശ്വാസികൾ പ്രതിഷേധിക്കുകയാണ്. മറ്റുപളളികളിലേക്കും കൂടുതൽ വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുകയാണ്.
പളളികൾ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് പളളികളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത്. മുളന്തുരുത്തി, പിറവം അടക്കമുളള 52 പളളികളിൽ പ്രവേശിക്കുമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. വിശ്വാസികൾക്ക് പളളികളിലേക്ക് വരുന്നതിന് ഒരു തടസവും ഇല്ലെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ.
© 2019 IBC Live. Developed By Web Designer London