തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദത്തില്‍ വെട്ടിലായി. ജലീല്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് സര്‍വകലാശാലയില്‍ ഇടപെട്ടെന്ന് വ്യക്തമാക്കി ഗവര്‍ണറുടെ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിവരം.മന്ത്രി കെ ടി ജലീല്‍ നടത്തിയത് നിയമവിരുദ്ധമായ ഇടപെടലാണെന്നാണ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കൊല്ലം ടി കെ എം കോളേജിലെ വിദ്യാര്‍ഥിയ്ക്കാണ് മന്ത്രി ഇടപെട്ട് മാര്‍ക്ക് നല്‍കിയതായി ആരോപണം ഉയര്‍ന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോഴ്സിലെ അഞ്ചാം സെമസ്റ്ററില്‍ തോറ്റ വിദ്യാര്ഥിയ്ക്കായിരുന്നു മന്ത്രിയുടെ സഹായം. പതിനഞ്ചാം സെമസ്റ്ററിലെ ഡൈനാമിക്സ് ഓഫ് മെഷീനറീസ് പരീക്ഷയ്ക്ക് ആദ്യം ലഭിച്ചത് 29 മാര്‍ക്ക് മാത്രമായിരുന്നു. പേപ്പര്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയപ്പോള്‍ 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാന്‍ ആവശ്യമായ 45 മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും മൂല്യനിര്‍ണ്ണയം നടത്താനായി അപേക്ഷിച്ചെങ്കിലും ഇത് ചട്ടവിരുദ്ധമായതിനാല്‍ അപേക്ഷ സര്‍വകലാശാല തള്ളുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥി മന്ത്രിയെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് 2018 ഫെബ്രുവരി 28ന് നടത്തിയ സര്‍വകലാശാല അദാലത്തില്‍ പ്രത്യേക കേസായി വിഷയം പരിഗണിക്കുകയും അദാലത്തില്‍ പങ്കെടുത്ത മന്ത്രി വീണ്ടും മൂല്യനിര്‍ണ്ണയം നടത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഈ ശ്രമത്തിലാണ് വിദ്യാര്‍ഥി ബിടെക് പാസായത്.
എന്നാല്‍ വിദ്യാര്‍ഥിയ്ക്ക് നല്‍കിയത് മാനുഷിക പരിഗണനയുടെ പേരിലുള്ള സഹായം മാത്രമാണെന്നാണ് സര്‍വകലാശാല നല്കുന്ന വിശദീകരണം. മറ്റെല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് കുട്ടിയ്ക്ക് കിട്ടിയിരുന്നെന്നും ഇത് പരിഗണിച്ചാണ് താന്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഗവര്‍ണ്ണറുടെ സെക്രട്ടറി തയ്യാറായിട്ടില്ല. മന്ത്രി അദാലത്തില്‍ പങ്കെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചട്ടലംഘനമുണ്ടെന്നാണ് ഗവര്‍ണ്ണറുടെ ഓഫീസ് പറയുന്നത്. സര്‍വകലാശാല ചാന്‍സലറെ അറിയിക്കാതെയാണ് മന്ത്രി അദാലത്തില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മന്ത്രി ഇടപെട്ട ശേഷം നടത്തിയ മൂല്യനിര്‍ണ്ണയത്തില്‍ 16 മാര്‍ക്ക് അധികം നേടി 48 മാര്‍ക്കുമായാണ് വിദ്യാര്‍ഥി പരീക്ഷ ജയിച്ചത്. സംഭവത്തില്‍ മന്ത്രി ഇടപെട്ടതിന്റെ തെളിവുകള്‍ സഹിതം സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് കമ്മിറ്റിയാണ് സെപ്റ്റംബര്‍ 21ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമായിരുന്നു പരാതി. തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഓഫീസ് സര്‍വകലാശാലയോട് വിശദീകരണം ചോദിക്കുകയായിരുന്നു.
അതേസമയം, പുനര്‍മൂല്യനിര്‍ണ്ണയത്തിലൂടെ വിദ്യാര്‍ഥിയ്ക്ക് കിട്ടിയ മാര്‍ക്ക് ആദ്യം ലഭിച്ച മാര്‍ക്കാക്കി കാണിക്കാനായി സര്‍വകലാശാല ഡേറ്റബേസില്‍ തിരുത്തല്‍ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി സര്‍വകലാശാല പ്രത്യേക ഉത്തരവിറക്കിയതായാണ് കണ്ടെത്തല്‍. അധ്യാപകര്‍ക്കെതിരെ മന്ത്രി ആരോപിക്കുന്നത് വിദ്യാര്‍ഥിയെ മൂല്യനിര്‍ണ്ണയം നടത്തി തോല്‍പ്പിച്ചെന്നാണ്.ഇതില്‍ സര്‍വകലാശാല നടപടിയെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
© 2019 IBC Live. Developed By Web Designer London