പരിചിതമല്ലാത്ത അനുഭവങ്ങളിൽ തരിച്ച് നിന്ന ഗ്രാമം ലോക്ക്’ ഡൗണിൻ്റെ ലക്ഷ്മണരേഖ മുറിച്ച് കടന്നില്ല..നാലുകെട്ടിനകത്ത് പ്രണയജോഡികളപ്പോൾ ജീവിതത്തിൻ്റെ ലക്ഷ്മണരേഖക്ക് നിറം കൊടുക്കുകയായിരുന്നു
‘ജനതാ കർഫ്യ’ കഥ വായിക്കുമല്ലോ…
ജനതാ കര്‍ഫ്യൂ എന്ന പ്രഖ്യാപനം സാധാരണ ഹര്‍ത്താല്‍ ദിവസം പോലെ മാത്രമേ ആ വീടും കരുതിയുള്ളൂ ആ വൃദ്ധദമ്പതികള്‍ക്ക് ഒരു മാറ്റവും തോന്നിയില്ല. ഭവദാസന്‍ നമ്പിയാരെന്ന ദാസ് നമ്പ്യാര്‍ക്ക് പുറത്തുപോകാന്‍ കഴിഞ്ഞില്ലെങ്കിലും കാര്യമായി പ്രയാസങ്ങള്‍ ഒന്നും അനുഭവപ്പെട്ടില്ല. ഇത്തരം ദിനങ്ങള്‍ പാര്‍വതി വാരസ്യാര്‍ക്ക് പുതുമയുമായിരുന്നില്ല. ഇത്തരം ദിവസങ്ങള്‍ എത്രയോ വന്നുപോകുന്നു അത്രമാത്രം. എന്നാല്‍ അടുത്ത മൂന്ന് ആഴ്ച വീടിന്റെ ലക്ഷ്മണരേഖ മുറിച്ച് കടക്കരുത് എന്ന താക്കീത് കേട്ടപ്പോള്‍ ആ നാലുകെട്ടിന് അകത്തെ ഇരു ഹൃദയവും ഒരുപോലെ ഞെട്ടി. കണ്ണെത്താ ദൂരത്തുള്ള മക്കളെ കുറിച്ചുള്ള വേവലാതി ആണെന്ന് തോന്നും. എന്നാല്‍ അതല്ല പ്രായമായ മാതാപിതാക്കള്‍ വീട്ടില്‍ ഒറ്റക്കാണെന്ന മക്കളുടെ പ്രയാസമോ… അതുമല്ല… കാരണം അതങ്ങിനെയാണ്. അങ്ങനെയായിട്ട് നാളുകളേറെയായി. ആ നാലുകെട്ടിന്റെ താളത്തിന് അപസ്വരം വീണിട്ട് കാലമേറെയായി. കുമ്മായം അടര്‍ന്ന് വീഴാറായ ചുമരുകളുടെ മൂകത വിളിച്ചുപറയുന്നുണ്ടായിരുന്നു.
ആ വീടിന്റെ ശോകമായ അവസ്ഥയെ കുറിച്ച് പകല്‍ വെളിച്ചത്തിന്റെ സൂര്യശോഭയിലും നിറം മങ്ങിയ ആ സൗദത്തിനകത്ത് മനുഷ്യരെ കൂടാതെ നിരവധി ജീവികള്‍ താമസിക്കുന്നുണ്ട്. അവരുടെയും സ്വതന്ത്ര വാസസ്ഥലമാണ് ആ നാലുകെട്ട്. ലക്ഷ്മണരേഖ മുറിച്ചു കടക്കാനാവാത്ത ഇരുപത്തിയൊന്ന് ദിവസം അവര്‍ക്കും ബാധതകമാകില്ലേ അവരുടെ ഭാഷയില്‍ അവരും അടക്കം പറഞ്ഞുകൊണ്ടിരുന്നു. ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം പാര്‍വ്വതി വാരസ്യാര് നേരത്തെ എണീറ്റു സാധാരണ ചെയ്യാത്ത ഒരു കാര്യം ചെയ്തു തീര്‍ക്കാനുള്ള തത്രപ്പാട്… യാന്ത്രികമായി ചെയ്തുകൊണ്ടിരിക്കുന്നു. മറ്റൊന്നുമല്ല ദാസ് നമ്പ്യാര്‍ക്ക് ആയി ഒരു കപ്പ് ചായ ഉമ്മറത്തിണ്ണയില്‍ മൂടിവെച്ചു, പകര്‍ന്നുകുടിക്കാന്‍ തൊട്ടടുത്ത് ഒരു ഗ്ലാസ്സും… ഗ്ലാസ് കമഴ്ത്തിവെച്ച് തലതാഴ്ത്തി കടന്നുവരുമ്പോള്‍ വാരസ്യാരുടെ മനസ്സിലെന്തായിരുന്നു… കീഴ്പ്പെടുകയോ… അതോ കീഴടങ്ങുകയോ ആയിരുന്നു. അടുക്കളപ്പുറത്തെ മരത്തട്ടില്‍ പുറത്തേക്ക് നോക്കി കൈവെച്ചു നില്ക്കുമ്പോള് തന്റെ ശ്വാസഗതി നിയന്ത്രിച്ചു നിര്‍ത്താന്‍ നന്നേ പ്രയാസപ്പെട്ടു.
ഇടത്തെ കണ്ണ് നനഞ്ഞോ എന്ന തോന്നലില്‍ സാരിത്തലപ്പുകൊണ്ട് കണ്ണുനീര് തുടച്ചു. പുറത്ത് വരയന്‍ പൂച്ച വാല് ഉയര്‍ത്തി അമറുന്നതും, തെങ്ങിന് തലപ്പിലിരുന്ന് ഊഞ്ഞാലാടുന്ന ചെറു കിളികള്‍. കാണാത്ത പല കാഴ്ചകളും കണ്ണില്‍ തെളിഞ്ഞു വരുന്നു. വിരുന്നുകാര് ആരും വരാന്‍ ഇല്ലെങ്കിലും കാക്കയും തന്റെ ഊഴവും പൂര്‍ത്തിയാക്കി മടങ്ങുന്നു. തെങ്ങിന്തലപ്പിലെ പൂക്കുലക്ക് നിറച്ചൂട് പകര്‍ന്നു സൂര്യന് അടുക്കളക്കകത്തേക്ക് കടക്കുന്നതും വാരസ്യാര് നിര്‍വികാരമായി നോക്കിനിന്നു.
പുറത്തു പോകാനാവാത്ത രണ്ടാം ദിവസം എന്തായിരിക്കും ചെയ്യുക… എന്താണ് സംഭവിക്കുക… ഒരു തെളിച്ചവുമില്ലാത്ത കാര്യങ്ങള്‍, വാരസ്യാര് പുറത്തെ ഉമ്മറത്തിണ്ണയിലേക്ക് കണ്ണോടിച്ചു ഇല്ല… കപ്പും ക്ലാസും അതേ ഇരിപ്പാണ്… മാറ്റമൊന്നുമില്ല, എങ്ങനെയാണ് മാറ്റമുണ്ടാവുക… അതിന് വഴിയില്ലല്ലോ… ഇവിടെ എത്തിച്ചേര്‍ന്നത് ഒരുപാട് ഒരുപാട് നടന്നാണല്ലോ… അത് അങ്ങനെ ആവാനേ വഴിയുള്ളൂ… വിജനമായ റോഡിന്റെ നിശ്ചലമായ അന്തരീക്ഷത്തില്‍ തന്റെ ഹൃദയമിടിപ്പിന്റെ വേഗത വാരസ്യാര് കൃത്യമായി കേട്ടു.
മഹാരാജാസിന്റെ രാജപാതയില്‍ പടര്‍ന്ന് പന്തലിച്ച തണല്‍ മരച്ചോട്ടില്‍ ഒരുമിച്ചിരുന്നകാലം… ക്യാമ്പസിന്റെ പുല്മൈതാനയില് ആകാശ കാഴ്ചകളും കണ്ട് നിറമനസ്സുമായി ആര്‍ത്തുല്ലസിച്ച കാലം. കലാലയതാളം പരീക്ഷചൂടിലമര്ന്നപ്പോഴും പ്രണയാനുരണനം കൊണ്ട് മനസ്സ് കുതിര്‍ന്ന് കലാലയത്തിന്റെ പൂര്‍ണ്ണ ചന്ദ്രന്മാരായി സ്വയം തെളിഞ്ഞകാലം വിപ്ലവച്ചൂടില്‍ നിറഞ്ഞുനിന്ന മഹാരാജാസിന്റെ മാറ്റൊലികള്‍ വാരസ്യാരുടെ കേള്‍വി കുറഞ്ഞ കാതുകളില്‍ വന്ന് പതിക്കുന്നു. കലാലയത്തെ ഇളക്കിമറിച്ച എണ്ണമറ്റ ജാഥകള്‍ ചക്രവാളങ്ങളെ കീഴടക്കുന്ന യുവരത്നങ്ങള്‍ അന്തരീക്ഷത്തെ കീറിമുറിക്കുന്ന മുഷ്ടികളും അവര്‍ക്കിടയിലൂടെ ഉശിരും ഉയിരും പകര്‍ന്ന് മുന്നില്‍ നയിക്കുന്ന ഭവദാസന്റെ ചിത്രം ബഹു വര്‍ണ്ണങ്ങളാല്‍ തെളിഞ്ഞുവന്നു. ആദ്യമായി ദാസ് നമ്പ്യാരെ കാണുന്നതും അങ്ങനെയാണല്ലോ, താന്‍ അല്ല ആ ക്യാമ്പസിലെ ഓരോ പെണ്‍കുട്ടിയും ആരാധിക്കുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു ദാസ് നമ്പ്യാര്‍… പാര്‍വതി വാരസ്യാര് വിദ്യാര്‍ത്ഥി നേതാവിനോടുള്ള ആരാധനമൂത്ത് ആ കലാലയത്തിലെ എല്ലാ പരിപാടികളിലും നിറഞ്ഞുനിന്നു… നമ്പ്യാരുടെ ശ്രദ്ധയില്‍ പെടാന്‍ കലാലയത്തില്‍ അകത്തും പുറത്തുമായി ജനാവലിയോടൊപ്പം കൊടിപിടിച്ച് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് നീങ്ങി. ചെറുപുഞ്ചിരിയോടെയുള്ള നമ്പ്യാരുടെ അഭിവാദ്യം ജീവിത സൗഭാഗ്യമായി കണ്ട കാലം. ആരാധന അനുരാഗത്തിലേക്ക് പോയത് ഞങ്ങളിരുവരും അറിഞ്ഞിരുന്നില്ല. സഹപാഠികള്‍ കൂടെ നടന്നു കളിയാക്കി പറഞ്ഞപ്പോഴാണ് അതില്‍ ചെറിയ ശരിയുണ്ടെന്ന് മനസ്സിലായത്.
തിരക്കുള്ള നേതാവാണെങ്കിലും ക്യാമ്പസിന്റ ഒഴിഞ്ഞ കോണിലെ പുല് മൈതാനിയില്‍ ഏകനായി വന്ന് നിവര്‍ന്നു കിടക്കുന്ന നമ്പ്യാര്‍ ആ കാഴ്ച രസകരമായിരുന്നു. നാണം കുണുങ്ങിയായ എന്നെ കൂട്ടുകാരികള്‍ കൊണ്ടുവന്ന് നമ്പ്യാര്‍ക്ക് മുന്നില്‍ നടതള്ളുന്ന ചടങ്ങുണ്ടായിരുന്നു. അംബികയും, ആരാധികയും അതിന് തയ്യാറായി ഒരുമ്പെട്ട് നില്ക്കുന്നുണ്ടാവും… ഇതൊന്നും അറിയാതെ മാനത്തോട് നോക്കി കണ്ണടച്ചു കിടക്കുന്ന നമ്പ്യാരെ ഞാന്‍ വിളിച്ചു ഉണര്‍ത്തണം. പിന്നെ എല്ലാ ലോകവും വെടിഞ്ഞ് ഞങ്ങള്‍ക്ക് മാത്രമായുള്ള ഒരു ലോകമായി അത് മാറും. അതിനിടയില്‍ കട്ടുറുമ്പുകള്‍ ആയി മുരളിയും, വേണുവും… എന്റെ ജൂനിയറായി പഠിക്കുന്നവര്‍… അതെ അവര്‍ അങ്ങിനെയായിരുന്നല്ലോ ഇരട്ടകളെപ്പോലെ… ക്യാമ്പസിലെ മുക്കിലും മൂലയിലും സദാ ഒരുമിച്ച് നീങ്ങുന്നവര്‍. വായിനോക്കികളെന്ന് വിളിപ്പേരുള്ളള്ളവര്… കമിതാക്കള്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ ഇവരുണ്ടാകും പ്രണയം മൊട്ടിട്ടതായാലും, ശോഭിച്ചതായാലും ഇവര്‍ വന്ന ക്ഷേമം അന്വേഷിക്കും അവരാ ക്യാമ്പസിന്റെ പരാഗരേണുക്കളാണ്. അവര്‍ വന്നാലേ പ്രണയ സാഫല്യം ഉണ്ടാകൂ എന്ന വിശ്വാസവും കമിതാക്കള്‍ക്ക് ഉണ്ടായിരുന്നു. ‘നമ്പ്യാര്‍ക്കും വാരസ്യാര്‍ക്കും സുഖമല്ലേ’ ന്നാ ഞങ്ങള്‍ പോട്ടെ’ ശബ്ദമുയര്‍ത്തി നിറചിരിയോടെ നമ്പ്യാര്‍ അവരെ പറഞ്ഞയക്കും.
മുരളിയെ പിന്നീട് കാണുകയുണ്ടായി, നാട്ടിലെ പൊതുകാര്യ പ്രസക്തന്‍ എണ്ണം പറഞ്ഞ പൈസക്കാരനും ആയിരിക്കുന്നു. വേണു എന്തുചെയ്യുന്നു എന്ന് വാരസ്യാര് ചോദിച്ചപ്പോള്‍ മുരളി ഇടയില്‍ കയറി പറഞ്ഞു… അവന് ഗള്‍ഫില്‍ ആയിരുന്നു ഇപ്പോള്‍ നാട്ടിലുണ്ട് ചെറിയ ഫിനാന്‍സ് ഇടപാടുകളുമായി നീങ്ങുന്നു. തെറ്റില്ല നാട്ടിലെ അമ്പല കമ്മിറ്റിയും സമുദായ പ്രമാണിയും ആണ്. നമ്പ്യാരെന്ത് ചെയ്യുന്നു. വലിയ നേതാവായി കാണുമല്ലേ… മുരളിയുടെ ആ ചോദ്യം വാരസ്യാരുടെ ഹൃദയത്തിലാണ് ചെന്ന് തറച്ചത്… മുരളിയോട് മറുപടി പറയാതൊഴിയുകയായിരുന്നല്ലോ. ഇന്നും തനിക്ക് അതിനൊന്നും മറുപടി കണ്ടെത്താനായില്ലല്ലോ…
പഠനകാലത്തെ മനോഹരമായ പ്രണയ ജീവിതം, ജീവിത ചിന്തകളിലേക്ക് കടന്ന നാളുകള്‍ നമ്പ്യാരുടെ ആത്മവിശ്വാസവും വിട്ടുവീഴ്ചയില്ലാത്ത എന്റെ പ്രണയത്തിനും മുന്നില്‍ വീട്ടുകാരുടെ എതിര്‍പ്പുകള്‍ താനെ വഴിമാറി.
നീണ്ടുകിടക്കുന്ന ജീവിതയാത്രയുടെ ആദ്യത്തെ ചുവട്… വലതുകാല്‍ വച്ച് ആ നാലുകെട്ടിന്റെ പൂമുഖത്തേക്ക് ഇരുവരും കയറി എണ്ണത്തിരികളാല് നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ വെട്ടം സാക്ഷിയായി… പാര്‍വതി വാരസ്യാര് ഭവദാസന്‍ നമ്പ്യാരുടെ ജീവിതസഖിയായി. പഠനകാലത്ത് ഞങ്ങള്‍ക്ക് ലഭിച്ച പതക്കങ്ങള്‍ ഉമ്മറപ്പടിക്ക് മുകളിലായി തൂക്കിയപ്പോള്‍ പതക്കങ്ങള്‍ തമ്മിലുരസി ശബ്ദമുണ്ടായി. ആ ശബ്ദത്തെക്കുറിച്ച് നമ്പ്യാര്‍ വാചാലനായിരുന്നു. പ്രണയിനികളുടെ ആലിംഗനമായി ഉപമിക്കുമായിരുന്നു. അന്നൊക്കെ ഞങ്ങള്‍ ഒരുമിച്ച് പുറത്തേക്ക് പോകും. ഒരേ നിറത്തിലുള്ള സാരിയും, കുടയും ഓര്ണമെന്സും എന്തിനേറെ നെയില്‍പോളിഷ് വരെ. ആ ഇറക്കമൊക്കെ ഒരു കാഴ്ചയായിരുന്നു. നാട്ടുകാരോട് സംസാരിക്കാന്‍ പോലും നമ്പ്യാരെ അനുവദിച്ചിരുന്നില്ല. അപ്പോഴേക്കും പിണങ്ങി നടക്കും. ഞങ്ങള്‍ ഒരുമിച്ചുള്ള ആ യാത്രയെ കുറിച്ച് ഇന്നും ഇവിടത്തുകാര്‍ പറയും. നാട്ടിടവഴികളും കുന്നിന്മുകളിലെ പാറമടകളും ഞങ്ങളെക്കുറിച്ച് അടക്കം പറഞ്ഞ കാലം.
അടുത്ത വീട്ടിലെ നാരായണിമുത്തി പറയും ‘ഒരു കുട്ടി ഉണ്ടായാല്‍ കാണേണ്ടതാ… എന്താവും ചന്തം’ ശരിയായിരുന്നു മൂത്തമകന് അനന്തുവിനെ പിറന്നപ്പോള്‍ സൂര്യശോഭ ആയിരുന്നു. ‘കണ്ണ് തട്ടും ആര്‍ക്കും കാട്ടി കൊടുക്കരുത് ‘ അമ്മ നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നു. രണ്ടാമത്തെ മകന് വിഗ്നേശിന് നമ്പ്യാരുടെ നിറമായിരുന്നു. മുഖശ്രീക്ക് ഒട്ടും കുറവില്ല… നമുക്ക് രണ്ടു കുട്ടികള്‍ മതിയെന്ന് നമ്പ്യാര്‍… പറ്റില്ലെന്ന് ഞാനും. ഒരു പെണ്‍കുട്ടി വേണമെന്ന് എന്റെ അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. നമ്പ്യാരുടെ അമ്മയ്ക്ക് പെണ്‍കുട്ടി വേണ്ടതാനും, നമ്പ്യാരുടെ താല്പര്യത്തിന് മേല്‍ എന്റെ ശാഠ്യത്തിന്റെ വിജയമായി മൂന്നാമത്തെ കുഞ്ഞ് പിറന്നു. വിമല എന്ന സുന്ദരികോത.
‘വാരസ്യാര് തന്നെ’ പലരും അടക്കം പറഞ്ഞു. തെല്ലൊര് അഹങ്കാരത്തോടെ ആസ്വദിച്ച നാളുകള്‍ സുന്ദരിക്കുട്ടിയെ പുറത്തെടുത്ത വയറ്റാട്ടിയെ കൈനിറയെ സമ്മാനങ്ങളുമായാണ് യാത്രയാക്കിയത്. വയറ്റാട്ടി ചീരുവിന്റെ മരണംവരെ കൊല്ലംതോറും സമ്മാനം കൊടുത്തിരുന്നു. സമ്മാനപ്പൊതി കണ്ട് നിറമനസ്സോടെ മടങ്ങുന്ന ചീരുവിനൊരു ചോദ്യമുണ്ട് ‘മക്കളുടെ പഠിപ്പൊക്കെ’ ഭാഗ്യം മക്കളൊക്കെ പഠിത്തത്തില്‍ കേമډാര്‍ ആയിരുന്നു. ഗ്രാമാര്ത്തിക്കപ്പുറത്ത് ടൗണില്‍ കൂറ്റന്‍ മതില് കെട്ടിനകത്ത് നിന്ന് പുറത്തേക്ക് തലയുയര്‍ത്തി നല്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂള്‍… ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സ്കൂള്‍. ടൈയും, കോട്ടും, പാന്റും സ്യൂട്ടുമെല്ലാമണിഞ്ഞ് സ്കൂള്‍ ബസ്സില്‍ ആര്‍ത്തുല്ലസിച്ച് പോകുന്ന കാലം. ചോറ്റും പാത്രത്തോടൊപ്പം ചോക്ലേറ്റ് ബോക്സും. നിര്‍ബന്ധമായിരുന്നു. വിഘ്നേശിന്.
അനന്തനെ ഉപരിപഠനം ആണ് വിഷയം നമ്പ്യാര്‍ വഴങ്ങുന്നില്ല. നാട്ടില്‍ പഠിച്ചാല്‍ മതിയെന്ന ഒരേ നിലപാട് വാരസ്യാരുടെ ജേഷ്ഠന് അമൃതകുമാറിന്റെ മകന് മദ്രാസിലാണ് പഠിക്കുന്നത്. അവന്റെ അടുത്തേക്ക് പറഞ്ഞയക്കണം എന്നാണ് എന്റെ ശാഠ്യം. നാലുകെട്ടിന്റെ അകത്തളങ്ങളില്‍ നിരന്തര വാക്കുതര്‍ക്കം… ഉറങ്ങാത്ത ഉണ്ണാത്തതുമായ ദിനരാത്രങ്ങള്‍ക്കൊടുവില്‍ അനന്തന് മദ്രാസിലേക്ക് വണ്ടി കയറി. നമ്പ്യാര്‍ പിന്നെ പിന്നെ മാറിത്തുടങ്ങി നാലുകെട്ടിന് പുറത്തേക്ക് ഇറങ്ങാതായി ആരോടും സംസാരിക്കാന്‍ ഇഷ്ടപ്പെട്ടില്ല ഒരന്തര്‍മുഖത്വം കൈവന്നപോലെ.
അടുത്ത ഊഴം വിഘ്നേശിന്റേതായിരുന്നു, വിഘ്നേശ് സ്വന്തമായി തന്നെ ബാംഗ്ലൂരില്‍ നിന്ന് പഠിക്കാന്‍ അഡ്മിഷന് ശരിയാക്കിയിരുന്നു. നമ്പ്യാരുടെ മുന്നിലേക്ക് യാത്ര പറയാനും അനുഗ്രഹം വാങ്ങാനും ആണ് വന്നത്… നമ്പ്യാര്‍ മറിച്ചൊന്നും പറഞ്ഞില്ല… അസ്വസ്ഥനായ നമ്പ്യാര്‍ കുടുംബജീവിതത്തില്‍ തീരെ ശ്രദ്ധിക്കാതെയായി. കൃഷിയിടത്തിലെ പക്ഷിമൃഗാദികളോടും ഫലവൃക്ഷങ്ങളോടും സംസാരിച്ചിരുന്ന നമ്പ്യാര്‍ നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി.
നാട്ടില്‍ തന്നെ പഠിച്ച വിമല പഠനത്തില്‍ മാത്രമല്ല കലാമത്സരങ്ങളും ഉയര്‍ന്ന വിജയം നേടിയിരുന്നു. അവള്‍ക്ക് ഒരു വേള സിനിമാഭിനയത്തിനുള്ള അവസരം വരെ ലഭിച്ചു എന്നാല്‍ ആയിടയ്ക്കാണ് ഒരു കമ്പനി മാനേജര്‍ പെണ്ണുകാണാന്‍ വന്നത്. ആരെയും ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കുന്ന സുമുഖന്‍ നാലാള് അറിയുന്ന തറവാട്ടുകാരന് നഗരത്തിലെ പേരുകേട്ട കമ്പനിയുടെ മാനേജര്‍ എട്ടില്‍ എട്ടു പൊരുത്തം മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല നാടറിഞ്ഞ കേമമായ കല്യാണം. കല്യാണ തിരക്കിലും നമ്പ്യാരെ തള്ളിപ്പറയാന്‍ കിട്ടിയ ഒരു അവസരവും വാരസ്യാര് ഒഴിവാക്കിയില്ല അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ആരും ചെവികൊടുത്തില്ലിന്ന് മാത്രം തിക്കുംതിരക്കും നിറഞ്ഞ നാലുകെട്ടില്‍ ആളൊഴിഞ്ഞപ്പോള്‍ നമ്പ്യാരും വാരസ്യാരും മാത്രമായി… അന്നുമുതല്‍ നമ്പ്യാര്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാറില്ല.
റോഡില്‍ മറകെട്ടി ഉണ്ടാക്കിയ തട്ടുകട. അയലത്തുള്ള രാജുട്ടി നടത്തുന്ന കഞ്ഞി, കപ്പ ബോര്‍ഡ് എഴുതിയ തട്ടുകടയില്‍ രാവിലെയും തൊട്ടടുത്ത ക്യാന്റീനില്‍ ഉച്ചഭക്ഷണവുമായി നമ്പ്യാര്‍ പൊരുത്തപ്പെട്ടു. ഒന്നിനും താല്പര്യമില്ലാത്ത നമ്പ്യാര്‍ കൃഷിയിടങ്ങളിലും ശ്രദ്ധിക്കാതെയായി. എല്ലാം കരിഞ്ഞു ഉണങ്ങും എന്നായപ്പോള്‍ പറമ്പ് നോക്കാന്‍ വേലായുധനെ ഏല്‍പ്പിച്ചു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തെളിഞ്ഞുവരുന്നു. വിഗ്നേഷ് വന്ന് വിവാഹം കഴിച്ചു പോയി എന്നതാണ് പിന്നെ നടന്നൊരു കാര്യം. അവന് ബാംഗ്ലൂരില്‍ നിന്ന് പഠനവും താമസവും ഡല്‍ഹിയിലേക്കു മാറിയിരിക്കുന്നു. അവിടെത്തന്നെ പഠിപ്പിക്കുന്ന കൊല്ലത്ത്കാരി ടീച്ചറെ കണ്ടിഷ്ടപ്പെട്ടു. നാട്ടില്‍ വന്ന് തറവാട്ട് അമ്പലത്തില്‍ വെച്ച് താലി കെട്ടണം. അത് പെണ്ണു വീട്ടുകാരുടെ ഡിമാന്‍ഡ് ആയിരുന്നു. ഞാനും നമ്പ്യാരും ചടങ്ങുകള്‍ക്ക് ഉപകരണങ്ങളായി നിന്നു കൊടുത്തു എന്ന് മാത്രം. മറ്റ് റോളുകളൊന്നും ഉണ്ടായിരുന്നില്ല. തിമിരത്തിന്റെ വെള്ളപ്പാടുകള്‍ കയറിയ നമ്പ്യാരുടെ കണ്ണുകള്‍ എല്ലാം നിര്‍വികാരമായി നോക്കിക്കണ്ടു. തീരാ നഷ്ടങ്ങളുടെ വേദനയില്‍ കലങ്ങിമറിഞ്ഞ വാരസ്യാരുടെ കണ്ണുകളില്‍നിന്ന് ചുടുനീര് ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു. ചെക്കനും പെണ്ണും വന്ന വാഹനത്തില്‍ തന്നെ അവര്‍ മടങ്ങി. ‘നമ്പ്യാരുടെ വീട്ടിലെ കല്യാണം പോലെ’ എന്ന് നാട്ടില്‍ ചൊല്ലായി.
മൂത്ത മകന് അനന്തന് മദ്രാസില്‍ നിന്ന് ഇടയ്ക്കിടെ വരുമായിരുന്നു വിഘ്നേശിന്റെ വിവാഹം അവനെ ആരും അറിയിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു. പിന്നീട് അവന് തീരെ വരാതായി, സ്ഥിരമായി ജോലി ഒന്നും ശരിയാവാത്തതിനാല്‍ അവിടെ തന്നെ കടതുടങ്ങി എന്നാണറിവ്. കല്യാണം കഴിഞ്ഞെന്നും ഇല്ലെന്നും കേട്ടു എല്ലാം നാട്ടുകാര്‍ പറഞ്ഞറിവ് മാത്രമാണുള്ളത്. മകള്‍ വിമല വല്ലപ്പോഴും കത്തയച്ചിരുന്നു പോസ്റ്റുമാന് കൊണ്ടുവന്ന് തന്നാല്‍ ഉടനെ തുറന്നു വായിക്കും ആര്‍ത്തിയായിരുന്നു. വായനക്ക് ശേഷം ഉമ്മറത്തിണ്ണയില്‍ വയ്ക്കുന്ന കത്തുകള്‍ ആദ്യമൊക്കെ നമ്പ്യാര്‍ എടുത്തു വായിച്ചിരുന്നു, പിന്നീട് വായിക്കാറില്ല. ഫോണായപ്പോള് മകള്‍ വിമല വിളിച്ചിരുന്നു. വിളിക്കാന്‍ വൈകിയാല്‍ വാരസ്യാര് നിര്‍ത്താതെ പയ്യാരം പറയും ‘മക്കളില്‍ നിന്റെ ശബ്ദമെങ്കിലും കേട്ടിരുന്നു. അത് ഇല്ലാണ്ടായോ… അതിനിപ്പോ നിങ്ങള്‍ക്കിവിടെ ആരെങ്കിലും വേണ്ടേ’ ഇത്തരത്തില്‍ നിര്‍ത്താതെ തുടരും. തന്റേതായ തിരക്കുകളില്‍പെട്ട് വിമല വിളിക്കാന്‍ വൈകിയാല്‍ വാരസ്യാരുടെ പയ്യാരം കേള്‍ക്കാന്‍ വയ്യാത്തതു കൊണ്ട് ആ ശബ്ദവും നിലച്ചു. മക്കള്‍ ആരും വരാറുമില്ല, വിളിക്കാറുമില്ല… വല്ലപ്പോഴും വന്നിരുന്ന വേലായുധന് വയ്യാതെ കിടപ്പിലായി. ആളനക്കമില്ലാത്ത വലിയ നാലുകെട്ടില്‍ പരസ്പരം കാണുകയോ, സംസാരിക്കുകയോ ചെയ്യാത്ത രണ്ട് വൃദ്ധഹൃദയങ്ങള്‍ മാത്രം.
പൗരുഷത്തിന്റെ ആള്‍രൂപമായിരുന്ന ഭവദാസന്‍ നമ്പ്യാര്‍ കാലംകോറിയിട്ട രേഖാചിത്രം പോലെ എല്ലാം നഷ്ടപ്പെട്ട വെറുമൊരു പ്രാകൃതരൂപമായി മാറിയിരിക്കുന്നു. സാങ്കല്പിക ജീവിതത്തിന്റെ ദേശാടനം കഴിഞ്ഞ് സൗന്ദര്യം പൂത്ത മരത്തിന്റെ ഇലയും പൂവും കൊഴിഞ്ഞ് ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിയെത്തിയ നഷ്ട ജീവിതത്തിന്റെ രാജപത്നിയായി പാര്‍വ്വതി വാരസ്യാര്. രണ്ടുദിവസമായി നമ്പ്യാര്‍ എന്തെങ്കിലും കഴിച്ചിട്ട് ഇംഗ്ലീഷ് മരുന്നും കഷായവും ഒരുമിച്ചു കൊണ്ടു വരുന്നത് കാണാം, ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ല. എന്തെങ്കിലും ഉണ്ടാക്കാനോ കഴിക്കാനോ വാരസ്യാര്‍ക്കും തോന്നിയില്ല. പടിഞ്ഞാറന്‍ കായലിന്റെ ഇളംകാറ്റ് ഏറ്റുവാങ്ങാനായി പൂമുഖത്തെ തുറന്ന വാതിലിനടുത്ത് കട്ടിലില്‍ നമ്പ്യാര്‍ കിടക്കുന്നു. ഉച്ചമയക്കത്തില്‍ ഇരിക്കാറുള്ള പുറംവരാന്തയില്‍ വാരസ്യാരും കിടന്നു. താളംതെറ്റിയ ഹൃദയങ്ങളുടെ നിലയ്ക്കാത്ത നിലവിളികള്‍ നാലുകെട്ടിന്റെ നിശബ്ദതയില്‍ അലിഞ്ഞു ചേര്‍ന്നു. ആര്‍ക്കും ആരോടും പരിഭവമില്ല. വിശപ്പും ദാഹവും നഷ്ടപ്പെട്ട ദിനരാത്രങ്ങള്‍. ഉണ്ണാതെയും ഉടുക്കാതെയും ദിവസങ്ങള്‍ തള്ളി നീക്കി തീരെ ക്ഷീണിതരായ ആ മനുഷ്യ ജډങ്ങള്‍ക്ക് ഒരിറ്റു വെള്ളം എടുത്തു കുടിക്കാന്‍ ആവതില്ല… എടുത്തു തരാനോ ആരുമില്ല… ഓമനിച്ചു വളര്‍ത്തിയ മക്കള്‍ക്ക് ഇവരെ ഓര്‍ക്കാന്‍ പോലും സമയമില്ല. നാടോ നാട്ടുകാരോ … കടന്നുവരാറില്ല… നാലുകെട്ടിന്റെ ഇടര്‍ച്ച വീണ ശബ്ദം നിറഞ്ഞ ശോക ഭാവം. ഉമ്മറ തിണ്ണയിലെ ഒരു കപ്പ് നിറയെ കറുത്ത കുനിയനിറുമ്പ് നിറഞ്ഞിരിക്കുന്നു. സമീപത്തെ ഗ്ലാസ് പൊടിപിടിച്ച് പ്രത്യേക രൂപമായി മാറി. തലമുറകളുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ പൂമുഖവും സ്പര്ശനപുണ്യം ലഭിച്ച ഉമ്മറപ്പടി നിശ്ചലമായിരിക്കുന്നു. നാലുകെട്ടിന്റെ അടയാളമെന്നവണ്ണം അഹങ്കരിച്ചിരുന്ന ഭസ്മക്കുട്ടക്ക് മേല്‍ ചിതലരിച്ചു. പ്രണയിനികളുടെ ആലിംഗനത്തിന്റെ അടയാളമായ പതക്കങ്ങളുടെ വാചാലതയും നിലച്ചിരിക്കുന്നു. ആരൊക്കെയോ നടന്നടുക്കുന്ന കാലടി ശബ്ദങ്ങള്‍ നിര്‍വികാരമായി ആ നാലുകെട്ട് ഏറ്റുവാങ്ങി. വിവിധങ്ങളായ വാഹനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് വ്യൂഹം, മാധ്യമ സംഘങ്ങള്‍.. പരിചിതമല്ലാത്ത അനുഭവങ്ങളില്‍ തരിച്ച് നിന്ന ഗ്രാമം ലക്ഷ്മണരേഖ മുറിച്ചു കടന്നതുമില്ല. നാലുകെട്ടിനകത്ത് എന്താണ് നടന്നത് എന്തായിരിക്കും… അവര്‍ക്കാര്‍ക്കും മനസ്സിലായില്ല അപ്പോഴേക്കും ആ പ്രണയജോഡികള്‍ ജീവിതത്തിന്റെ ലക്ഷ്മണരേഖ തീര്‍ത്ത് ദിനപത്രത്തിന്റെ പ്രധാന കവാടത്തിലെ കറുത്ത വലിയ അക്ഷരങ്ങള്‍ക്ക് നിറം ആയിത്തീര്‍ന്നിരിക്കുന്നു.
രചന: പ്രഭാകരൻ നടുവട്ടം ചിത്രങ്ങൾ: ഹരി എടപ്പാൾ
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London