തൃശൂർ: നാട്ടിക നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സി സി മുകുന്ദൻ അന്തരിച്ചു എന്ന തരത്തിൽ ഇന്നത്തെ ജന്മഭൂമി പത്രത്തിൻ്റെ ചരമകോളത്തിൽ ചിത്രം സഹിതം പ്രസിദ്ധീകരിച്ചുവന്ന വാർത്ത മനുഷ്യത്വവിരുദ്ധവും അപമാനകരവുമാണ്. ജന്മഭൂമി പത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിൻ്റെ സവർണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാർത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നത്. വ്യാജവാർത്ത ചമച്ച ജന്മഭൂമി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്.
ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവാണ് സി സി മുകുന്ദൻ. അദ്ദേഹം നിലവിൽ കർഷക തൊഴിലാളി യൂണിയൻ്റെ തൃശൂർ ജില്ലാ സെക്രട്ടറിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അദ്ദേഹം വളരെ ചെറുപ്പത്തിലേ പാർട്ടി സംഘടനാ രംഗത്ത് എത്തിയ നേതാവാണ്. എ.ഐ.എസ്.എഫിൻ്റെയും എ.ഐ.വൈ.എഫിൻ്റെയും പ്രവർത്തകനായി പൊതുരംഗത്ത് എത്തിയ മുകുന്ദൻ, പാർട്ടിയുടെ റെഡ് വളണ്ടിയർ സേനയുടെ നേതൃത്വത്തിലും പ്രവർത്തിച്ചു. പരിണതപ്രജ്ഞനായ അദ്ദേഹത്തെ ഇന്നലെയാണ് നാട്ടികയിൽ സ്ഥാനാർത്ഥിയായി സി പി ഐ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്. എന്നാൽ, ജന്മഭൂമി പത്രം മാത്രം മുകുന്ദൻ്റെ ബയോഡാറ്റ ചരമകോളത്തിൽ പ്രസിദ്ധീകരിച്ചത് പാർട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാണ്.
നാട്ടികയിൽ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പരാജയം മണത്ത ചില ആളുകൾ ബോധപൂർവ്വം ചമച്ചതാണോ ഈ വാർത്തയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യാജവാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിൻ്റെ അധികാരികൾ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മുകുന്ദൻ്റെ കുടുംബം വലിയ മാനസിക സമ്മർദ്ദത്തിലാണ്. ഈ സാഹചര്യത്തിൽ, ജന്മഭൂമി പത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൊലീസ് അധികാരികൾ, മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ, കേരള പത്ര പ്രവർത്തക യൂണിയൻ, പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London