വെടിയേറ്റ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആബെയുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
രക്തം വാർന്നൊലിക്കുന്ന നിലയിലാണ് ആബെയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നെഞ്ചിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആബെയുടെ നില അതീവ ഗുരുതരമാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവന്നിരുന്നു. ആബെയ്ക്ക് നേരെ വെടിയുതിർത്തയാളെ പോലീസ് പിടികൂടി. കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
പാർലമെൻ്റിൻ്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ യോഗത്തിനിടെയാണ് ആബെയ്ക്ക് വെടിയേറ്റത്. സ്റ്റേജിൽ പ്രസംഗിക്കുന്നതിനിടെയാണ് ഷിൻസോ ആബെയ്ക്ക് നേരെ സ്റ്റേജിന് പുറകിൽ നിന്ന് അക്രമി വെടിയുതിർത്തത്. പ്രസംഗം ആരംഭിച്ച് മിനിറ്റുകൾക്കകം ആബെയ്ക്ക് വെടിയേറ്റു. ഹെലികോപ്റ്റർ മുഖേനെ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായ അവസ്ഥയിലായിരുന്നു. അക്രമിയെ പിടികൂടിയ പോലീസ് വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു.
യുദ്ധാന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്നു ആബെ. ആഗോളതലത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധം പുലർത്തി നേതാവായിരുന്നു. 2020ൽ ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുന്നതിന് മുൻപ് ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രാഷ് നേതാവായിരുന്നു 67 കാരനായ ആബെ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London