കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായി രണ്ടു വർഷം പിന്നിടുമ്പോൾ കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിലുണ്ടായേക്കും. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
© 2019 IBC Live. Developed By Web Designer London