കേരളാകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പൂര്‍ണ്ണമായും യുഡിഎഫ് മുന്നണിക്ക് പുറത്തേക്കെന്ന സൂചന നല്കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. മുന്നണിക്ക് പുറത്ത് പോകാന്‍ വാശി പിടിക്കുന്നവരെ പിടിച്ച് നിര്‍ത്താനാവില്ലെന്നും അവസാന അവസരവും ജോസ് കെ മാണി വിഭാഗം പാഴാക്കുകയായിരുന്നും ബെന്നിബെഹ്നാന് പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മൂന്നാം തീയതി ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമെടുക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കവും പൊട്ടിത്തെറികളും പുറത്താക്കല്‍ നാടകങ്ങളും യുഡിഎഫിന് തലവേദനയായിട്ട് നാളേറെയായി. കേരളാ കോണ്‍ഗ്രസിനുള്ളിലെ ജോസഫ്- ജോസ് തര്‍ക്കം ഒടുവില്‍ യുഡിഎഫിന് തന്നെ തലവേദനയാകുകയായിരുന്നു. ഏറ്റവും ഒടുവില്‍ നിയമസഭയില്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തിന്റെ രണ്ട് എംഎല്‍എമാര്‍ വിട്ട് നിന്നതാണ് യുഡിഎഫിനെ കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്.
© 2019 IBC Live. Developed By Web Designer London