ചെന്നൈ: മദ്രാസ് ഐഐടിയില്‍ ഫാത്തിമ ലത്തീഫിന് നീതി തേടി വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.എസ്എഫ്ഐ അനുകൂല സംഘടനയായ ചിന്താ ബാറിന്റെ നേതൃത്വത്തിലാണ് സമരം.വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘനകള്‍ക്കോ പ്രവര്ത്തനത്തിവോ ഐഐടി ക്യാമ്പസില്‍ അനുവാദമില്ല. ആദ്യമായാണ് മദ്രാസ് ഐഐടി ഒരു സമരത്തിന് വേദിയാകുന്നത്.
വിദ്യാര്‍ത്ഥികളുടെ ആവശ്യം ഫാത്തിമയുടെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്നാണ്.എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ബാഹ്യ ഏജന്‍സി പരിഗണനയിലെന്നാണ് സമര നോട്ടീസിന് ഐഐടി ഡീന്‍ നല്കിയ മറുപടി. ഡീനിന്റെ മറുപടിയില്‍ അതൃപ്തി അറിയിച്ച വിദ്യാര്‍ത്ഥികള്‍ സമരത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായാല്‍ നിയന്ത്രിക്കാന്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, കേസില്‍ ആരോപണവിധേയരായ അധ്യാപകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള സുദര്ശന് പത്മനാഭന് അടക്കമുള്ള അധ്യാപകരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.അതേസമയം,ഫാത്തിമ ലത്തീഫിന്റെ മരണം ലോക്സഭയിലും ചര്‍ച്ചയായി.
ആര്‍എസ്പി അംഗം എന്‍ കെ പ്രേമചന്ദ്രന്, വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.എന്‍ കെ പ്രേമചന്ദ്രന് ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തിലും ഫാത്തിമയ്ക്ക് നീതി ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു.
© 2019 IBC Live. Developed By Web Designer London