വിസ്മയ, ഇന്ന് പേര് കേൾക്കുമ്പോ എല്ലാവർക്കും ഒരു നോവാണ്, സ്ത്രീധനത്തിൻ്റെ പേരിൽ മാനസികമായും ശാരീരികമായും പീഡനങ്ങൾ ഏറ്റുവാങ്ങി മരണത്തിന് കീഴടത്തിന്. ഇന്ന് അവളുടെ ഒർമകൾ കൊണ്ട് നിറയുകയാണ് സോഷ്യൽമീഡിയ. കഴിഞ്ഞ ദിവസം കാളിദാസ് ജയറാം പോസ്റ്റ് ചെയ്ത ഒരു പോസ്റ്റാണ് വൈറലായി മാറിയത്. മുൻപൊരിക്കൽ വിസ്മയ തനിക്കായി എഴുതിയ കത്തിനെക്കുറിച്ചാണ് താരത്തിൻ്റെ വാക്കുകൾ.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു വാലെൻൻ്റൈൻസ് ദിനത്തിൽ വിസ്മയയുടെ കോളജിൽ ഒരു പ്രണയലേഖന മത്സരം നടന്നു. അന്ന് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനായ കാളിദാസ് ജയറാമിനാണ് വിസ്മയ കത്തെഴുതിയത്. ഉറ്റസുഹൃത്തും സഹപാഠിയുമയിരുന്ന അരുണിമ ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വീണ്ടും പങ്കുവെച്ചതോടെ കാളിദാസും കത്തിനെക്കുറിച്ചറിഞ്ഞു.
‘ അന്നവളും എഴുതി ഒരു ലവ് ലെറ്റർ, ഒരു തമാശക്ക്, അവളുടെ ഫേവറേറ്റ് ആക്ടർ കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് എഫ്ബിയിൽ പോസ്റ്റ് ഇട്. എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്, അങ്ങനെ എല്ലാരും ഷെയർ ചെയുന്നു, പോസ്റ്റ് വൈറൽ ആവുന്നു, കാളി ഇത് കാണുന്നു, എന്നെ കോൾ ചെയുന്നു, ഞങ്ങൾ സെൽഫി എടുക്കുന്നു…. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലവ് ലെറ്റർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ… അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ, അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി’ എന്നാണ് സുഹൃത്ത് കുറിച്ചത്.
ഈ കത്തിനെക്കുറിച്ച് കാളിദാസ് ജയറാം പങ്കുവെച്ച വാക്കുകളും ആരുടേയും മിഴി നിറയ്ക്കുന്നതാണ്. ‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’ എന്നാണ് കാളിദാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London