കണ്ണൂർ: ജില്ലാ ആശുപത്രിക്കു സമീപം ഓടുന്ന കാർ കത്തിനശിച്ച സംഭവത്തിൽ അപകടകാരണമായത് കുപ്പിയിൽ നിറച്ചുവെച്ച പെട്രോളാണെന്ന പ്രചരണം തളളി കുടുംബവും മോട്ടോർവാഹനവകുപ്പു അധികൃതരും. കാറിൽ പ്രജിത്ത് ഇരുന്ന ഡ്രൈവിങ് സീറ്റിനടിയിൽ രണ്ടു കുപ്പിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെങ്കിൽ കാർ പൂർണമായും കത്തുമായിരുന്നുവെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
കാറിനകത്ത് മൂന്നു കുപ്പിവെളളം ഉണ്ടായിരുന്നുവെന്ന് അപകടത്തിൽ മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻപറഞ്ഞു. രാസപരിശോധനാ നിഗമനങ്ങൾ വരുന്നതിനു മുമ്പ് ഇത്തരം നിഗമനങ്ങളിൽ മാധ്യമങ്ങളെത്തുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റിയറിങിന്റെ അടിഭാഗത്ത് ഷോർട്ട് സർക്യൂട്ടിൽ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടിക്കാനിടയായതെന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സാധാരണ ഗതിയിൽ തന്നെയാണ് പ്രജിത്ത് വാഹനമോടിച്ചിരുന്നത്. റിവേഴ്സ് ക്യാമറയും ഇതിൻറെ ഭാഗമായ ഇൻഫോടെയ്മെൻറ് സിസ്റ്റവും പുതുതായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വയറിങിൽ നിന്നാകാം ഷോർട്ട് സർക്യൂട്ടുണ്ടായതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്.
ആർടിഒ മാരായ ഇ ഉണ്ണികൃഷ്ണൻ, എ സി ഷീബ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ, സഹോദര ഭാര്യ സജിന എന്നിവരിൽ നിന്നും വെളളിയാഴ്ച്ച കണ്ണൂർ സിറ്റി പൊലിസ് ഇൻസ്പെക്ടർ കെ രാജീവ് കുമാർ മൊഴിയെടുത്തു. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരുടെയും ദൃക്സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാടു നിന്നും മടങ്ങുമ്പോൾ കാറിൽ നിന്നും ഇന്ധനം നിറച്ചതാണെന്നും അതിനാൽ കുപ്പിയിൽ പെട്രോൾ കരുതേണ്ട കാര്യമില്ലെന്നും കെ കെ വിശ്വനാഥൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കാറിന്റെ പിറകു വശത്തെ ക്യാമറയും അതിന്റെ സിസ്റ്റവും പ്രജിത്ത് അധികമായി ഘടിപ്പിച്ചതാണെന്നും വിശ്വനാഥൻ പോലീസിന് മൊഴി നൽകി.
മകളും ഭർത്താവും കൺമുൻപിൽ നിന്നും വെന്തുമരിക്കേണ്ടി കാണേണ്ടി വന്നതിന്റെ കടുത്ത ദുഃഖം വേട്ടയാടുകയാണ് വിശ്വനാഥനെ. വാക്കുകൾ പുറത്തുവരാത്ത സാഹചര്യമാണുളളത്.
അതുകൊണ്ടു തന്നെ ഏറെ നേരം പോലീസ് മൊഴിയെടുത്തിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പോകുമ്പോൾ വിശ്വനാഥന്റെ മകൾ റീഷയും ഭർത്താവും പ്രജിത്തും കാറിന് തീപിടിച്ചു വെന്തുമരിച്ചത്. കാറിന്റെ പിറകിലുണ്ടായിരുന്ന വിശ്വനാഥനും ഭാര്യ ശ്യാമളയും സഹോദര ഭാര്യ സജിനയും റീഷയുടെ മകൾ പാർവ്വതിയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London