കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരുക്ക് സാരമല്ലാത്തവര്‍ക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത്.
അപകടകാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മഴ മൂലം വിമാനം തെന്നിമാറി. റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന് തീ പിടിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ എന്നും മന്ത്രി പറഞ്ഞു. കേന്ദ്രവ്യോമയാന മന്ത്രി കരിപ്പൂരിലെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണത്തിനും കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
ഇതിനിടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയ എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അതിശയകരമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
© 2019 IBC Live. Developed By Web Designer London