ബാംഗ്ലൂര്‍: കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി ജെ പി നീക്കം തര്‍ക്കത്തിലേക്ക്. പാര്‍ട്ടി നയപ്രകാരം 75 തികഞ്ഞ നേതാക്കള്‍ ഭരണ നേതൃത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന ന്യായം ഉയര്‍ത്തി യെദൂരപ്പയ്ക്ക് പകരം തങ്ങളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടാര്‍, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ എന്നിവര്‍ രംഗത്തെത്തി.അഴിമതി രഹിത പ്രതിശ്ചായയുള്ള ജഗദീഷ് ഷെട്ടാറിനേ മുഖ്യമന്ത്രിയാക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്പര്യം. സര്‍ക്കാര്‍ രൂപീകരണത്തിന് തിരക്ക് കൂട്ടേണ്ടന്നും മറ്റ് സാധ്യതകള്‍ തങ്ങള്‍ക്കുകൂടി ആലോചിക്കേണ്ടതുണ്ടെന്നുമാണ് യെദൂരപ്പയ്ക്ക് കേന്ദ്ര നേതൃത്വം നല്കിയ നിര്‍ദ്ദേശം. ഇതോടെ ഒരു മണിക്കൂറെങ്കില്‍ അത്രയും നേരത്തെ മുഖ്യമന്ത്രിയാകാന്‍ തിരക്കുകൂട്ടിയ യെദൂരപ്പ കടുത്ത അമര്‍ഷത്തിലാണ്.
അതേസമയം മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം തന്നെ തങ്ങളുടെയും സത്യപ്രതിജ്ഞ വേണമെന്ന നിലപാടില്‍ 15 വിമത എം എല്‍ എമാരും ഉറച്ചു നിന്നു. അങ്ങനെ വന്നാല്‍ ബി ജെ പി സര്‍ക്കാര്‍ എന്നതിനുപകരം ‘വിമത സര്‍ക്കാര്‍’ എന്ന വിമര്‍ശനം ഉയരുമെന്ന ആരോപണവുമായി ബിജെപി എം എല്‍ എമാരും രംഗത്തെത്തിയതോടെ തര്‍ക്കം രൂക്ഷമാണ്.
സര്‍ക്കാര്‍ രൂപീകരണം എളുപ്പത്തിലാകണമെങ്കില്‍ വിമതരെ അയോഗ്യരാക്കുക തന്നെയാണ് ഉചിതമെന്ന മനോഭാവമാണ് ബി ജെ പി നേതൃത്വത്തിനുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വിമതരെല്ലാം മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതോടെ ബിജെപി എം എല്‍ എമാര്‍ കടുത്ത അമര്‍ഷത്തിലാണ്. ഇത് ബി ജെ പിയിലും സൃഷ്ടിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
ഈ സാഹചര്യത്തില്‍ വിമതര്‍ അയോഗ്യരാക്കപ്പെട്ടാല്‍ ബി ജെ പിയ്ക്ക് തലവേദന ഒഴിയും. സമാധാനപരമായി സ്വന്തം എം എല്‍ എമാരെ വച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യാം.
ഇതിനിടെയാണ് 76 കാരനായ യെദൂരപ്പയ്ക്കെതിരെയുള്ള സംസ്ഥാന നേതാക്കളുടെ പടയൊരുക്കം. ബി ജെ പിയുടെ എക്കാലത്തെയും മുതിര്‍ന്ന നേതാവായിരുന്ന എല്‍ കെ അദ്വാനിക്കും യശ്വന്ത് സിന്‍ഹയ്ക്കും പ്രായപരിധിയുടെ പേരില്‍ നിഷേധിക്കപ്പെട്ട ഭരണപദവികള്‍ യെദൂരപ്പയ്ക്ക് മാത്രമായി അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കവും തെറ്റായ സന്ദേശവും സൃഷ്ടിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യെദൂരപ്പയുടെ സാധ്യതകള്‍ മങ്ങുകയാണ്.
എന്നാല്‍ യെദൂരപ്പയെ പിണക്കിയാല്‍ അതും സര്‍ക്കാരിന് തിരിച്ചടിയാകുമോയെന്ന ഭയം കേന്ദ്ര നേതൃത്വത്തിനുമുണ്ട്. പിളര്‍പ്പിലേക്ക് പോലും അത് കാരണമായേക്കാം. എന്തായാലും ഇപ്പോള്‍ കുമാരസ്വാമിയുടെ തലവേദന ഒഴിഞ്ഞു. പകരം ബി ജെ പി നേതാക്കള്‍ക്കും യെദൂരപ്പയ്ക്കും ഉറക്കവും നഷ്ടമായി.
© 2019 IBC Live. Developed By Web Designer London