സംസ്ഥാനത്ത് മദ്രസകൾ നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സമീപിച്ച് കർണാടക എംഎൽഎ എംപി രേണുകാചാര്യ. മദ്രസകൾ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ സന്ദേശമാണെന്ന് ആരോപിച്ചാണ് എംഎൽഎയുടെ ആവശ്യം. മദ്രസകൾ നിരോധിക്കുകയോ അല്ലെങ്കിൽ സിലബസ് പരിഷ്കരിക്കുകയോ ചെയണമെന്ന് എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരുകയാണെങ്കിൽ മാത്രം മദ്രസകൾ അനുവദിച്ചാൽ മതിയെന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു കുട്ടികളും ക്രിസ്ത്യൻ കുട്ടികളും പഠിക്കുന്നത് മാത്രം മദ്രസകളിലും പഠിപ്പിച്ചാൽ മതിയെന്നും എംഎൽഎ പറഞ്ഞു. നിഷ്കളങ്കരായ കുട്ടികൾക്ക് മദ്രസയിൽ തെറ്റായ സന്ദേശങ്ങളാണ് പകർന്ന് നൽകുന്നതെന്നാണ് ബിജെപി എംഎൽഎയുടെ വാദം. ഈ കുട്ടികൾ വളർന്ന് വലുതാകുമ്പോൾ അവർ ഭാരത് മാതാ കീ ജയ് ഒരിക്കലും പറയാത്തവരാകുമെന്ന ഗുരുതരമായ ആരോപണവും ബിജെപി എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയാണ് എംപി രേണുകാചാര്യ. ഹിജാബ് വിഷയം ചൂണ്ടിക്കാട്ടി രേണുകാചാര്യ കോൺഗ്രസിനുനേരെയും വിമർശനമുയർത്തി. കോൺഗ്രസാണ് ഹിജാബിന്റെ പേരിൽ വിവാദം ഉയർത്തിവിട്ടതെന്നും അവർ വിവാദത്തെ രാഷ്ട്രീയമായി മുതലെടുത്തെന്നും രേണുകാചാര്യ വിമർശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London