ചിത്രദുര്‍ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബസിനു തീപിടിച്ച് അഞ്ച് പേര് മരിച്ചു. 27 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയുമുണ്ട്. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരിനു സമീപമാണ് അപകടം നടന്നതെന്നാണ് വിവരം. പൂനെ – ബെംഗളൂരു പാതയില്‍ നാഷണല്‍ ഹൈവേ നാലില്‍ വെച്ചാണ് ദീര്‍ഘദൂര സ്ലീപ്പര്‍ ബസ് അപകടത്തില്‍പ്പെട്ടത്. കെഎ – എഡി 7449 നമ്പറിലുള്ള ബസ് ബിജപൂരില്‍ നിന്ന് ബെംഗളൂരുവിലേയ്ക്കുളള യാത്രയിലായിരുന്നു. ബസില്‍ 35ലധികം യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ ചിലരെ ഹിരിയൂര്‍ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
സംഭവമുണ്ടായ ഉടന്‍ പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തീകെടുത്തിയെങ്കിലും ബസ് പൂര്‍ണമായി കത്തി നശിച്ചു. ജില്ലാ എസ് പി രാധിക അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് യാത്രക്കാരുടെ ആരോപണം. എന്ജിന് അമിതമായി ചൂടായതാകാം അപകടത്തിനു കാരണമെന്നാണ് ഒരു യാത്രക്കാരന്റെ പ്രതികരണം. ഡ്രൈവര്‍ അശ്രദ്ധമായാണ് വാഹനം കൈകാര്യം ചെയ്തതെന്നും അപകടം നടന്നയുടന്‍ ഡ്രൈവര്‍ സ്ഥലത്തു നിന്ന് കടന്നുകളഞ്ഞതായും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
© 2019 IBC Live. Developed By Web Designer London