സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ 15 -ാം ഫൈനലിലേക്ക് കേരളം. സെമിയിൽ മൂന്ന് എതിരെ ഏഴ് ഗോളുകൾക്കാണ് കേരളം കർണാടകയെ തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30 -ാം മിനുട്ടിൽ പകരകാരനായി ഇറങ്ങിയ ജെസിൻ അഞ്ച് ഗോൾ നേടി. അതോടെ ചാമ്പ്യൻഷിപ്പിൽ ആറ് ഗോൾനേടിയ ജെസിൻ ഗോൾവേട്ടകാരുടെ പട്ടികയിൽ ഒന്നാമതെത്തി. ഷികിൽ ഒരു ഗോൾ നേടി. കർണാടകൻ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് 2 ന് മണിപ്പൂർ വെസ്റ്റ് ബംഗാൾ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും.
ആദ്യ പകുതി
സെമി ഫൈനലിന്റെ എല്ലാ പോരാട്ടവീര്യവും കാണുന്നതായിരുന്നു കേരള കർണാടക മത്സരത്തിൽ ആദ്യ പകുതി. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ സൽമാന് പകരക്കാരനായി നിജോ ഗിൽബേർട്ടിനെ ഉൾപ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. ആദ്യ മിനുട്ടുകളിൽ പതിയെ തുടങ്ങിയ കേരളം പിന്നീട് അറ്റാകിങിന്റെ രീതി മാറ്റി. നിരവധി അവസരങ്ങൾ കേരളത്തിന് ലഭിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. 16 -ാം മിനുട്ടിൽ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. വലത് വിങ്ങിൽ നിന്ന് മുഹമ്മദ് ഷഹീഫ് എടുത്ത കോർണർ കിക്ക് വിക്നേഷ് ഹെഡ്ചെയ്യാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടർന്നുള്ള മിനുട്ടിൽ അടുത്ത അവസരം ലഭിച്ചു. ഷോർട്ട് കോർണർ കിക്ക് അവസരം സൃഷ്ടിച്ച ഷഹീഫിന്റെ ഒരു ഉഗ്രൻ ഇടംകാലൻ ഷോട്ട് കർണാടകൻ ഗോൾ കീപ്പർ തട്ടിഅകറ്റി. അതേമിനുട്ടിൽ കേരളത്തിന് അടുത്ത അവസരം ലഭിച്ചു. മധ്യനിരയിൽ നിന്ന് ബോളുമായി മുന്നേറിയ അർജുൻ ജയരാജ് ബോക്സിന് അകത്തേക്ക് നൽകിയ പാസ് സ്വീകരിച്ച ഷികിൽ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോൾകീപ്പർ തട്ടിഅകറ്റി. 22 -ാം മിനുട്ടിൽ കേരളത്തിന് അടുത്ത അവസരം ലഭിച്ചു. മധ്യനിരതാരം റാഷിദ് നൽകിയ പാസ് ഇടതു വിങ്ങിലുടെ ഓടികയറിയ ഷികിൽ സ്വീകരിച്ച് ബോക്സിലേക്ക് വന്നെങ്കിലും കർണാടകൻ പ്രതിരോധം രക്ഷകനായി. 25 -ാം മിനുട്ടിൽ തിങ്ങിനിറഞ്ഞ കേരളാ ആരാധകരെ നിശബ്ദരാക്കി കർണാടക ലീഡ് എടുത്തു. ഇടതു വിങ്ങിൽ നിന്ന് സുലൈമലൈ നൽകിയ പാസിൽ സുധീർ കൊട്ടികലയുടെ വകയായിരുന്നു ഗോൾ. കൊട്ടികലയുടെ അഞ്ചാം ഗോൾ ഇതോടെ ഏറ്റവും അധികം ഗോൾ നേടിയവരുടെ പട്ടികയിൽ കേരളാ ക്യാപ്റ്റൻ ജിജോ ജോസഫിനൊപ്പം എത്തി. ഗോൾവഴങ്ങിയതിന് ശേഷം 30 -ാം മിനുട്ടിൽ ജെസിൻ പകരക്കാരനായി എത്തി. 35 -ാംമിനുട്ടിൽ സൂപ്പർ സബ് ജെസിന് കേരളത്തിനായി സമനില പിടിച്ചു. ബോക്സിന് അകത്തേക്ക് നൽകിയ പാസിൽ അതിമനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു. 42 -ാം മിനുട്ടിൽ ജെസിനിലൂടെ കേരളം ലീഡ് എടുത്തു. കർണാടകൻ മധ്യനിരതാരങ്ങൾ വരുത്തിയ പിഴവിൽ ഓടി കയറി പന്ത് തട്ടിയെടുത്ത ജെസിൻ കർണാടകൻ പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. 44 -ാം മിനുട്ടിൽ ജെസിൻ ഹാട്രിക്ക് നേടി. ഇടതു വിങ്ങിൽ നിന്ന് കേരളാ താരം നിജോ ഗിൽബേർട്ട് അടിച്ച ബോൾ കർണാടകൻ കീപ്പർ കെവിൻ തട്ടിയെങ്കിലും ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ നിലയുറപ്പിച്ചിരുന്ന ജെസിൻ അനായാസം ഗോളാക്കി മാറ്റി. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളം ലീഡ് മൂന്നാക്കി ഉയർത്തി. വലതു വിങ്ങിലൂടെ കർണാടകൻ ബോക്സിലേക്ക് ഇരച്ചു കയറിയ നിജോ ഗിൽബേർട്ട് നൽകിയപാസ് കർണാടകൻ ഗോൾകീപ്പർ തട്ടിയെങ്കിലും തുടർന്ന് കിട്ടിയ അവസരം ഷികിൽ ഗോളാക്കിമാറ്റുകയായിരുന്നു. കേരളത്തിന്റെ നാലാം ഗോൾ.
രണ്ടാം പകുതി
54 -ാം മിനുട്ടിൽ കർണാടക ഒരു ഗോൾ തിരിച്ചടിച്ചു. ഏകദോശം 30 വാര അകലെ നിന്ന് കർണായകൻ വിങ്ങർ കമലേഷ് എടുത്ത ഷോട്ട് കേരളാ കീപ്പർ മിഥുനെ കാഴ്ചക്കാരനാക്കി സെകന്റ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങി. ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾ. ഗോൾ വഴങ്ങിയതിന് ശേഷം രണ്ട് മിനുട്ടിനുള്ളിൽ കേരളത്തിന്റെ അടുത്ത ഗോൾ പിറന്നു. മധ്യനിരയിൽ നിന്ന് കർണാടകൻ ബോക്സിലേക്ക് സോളോ റണ്ണിലൂടെ മുന്നേറിയ ജെസിൻ ഗോൾകീപ്പറെ കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. ജെസിന്റെ നാലാം ഗോൾ. അതോടെ ഏറ്റവും അധികം ഗോൾ നേടിയവരുടെ പട്ടികയിൽ കേരളാ ക്യാപ്റ്റൻ ജിജോ ജോസഫിനും കർണാടകൻ താരം സുധീർ കൊട്ടികലക്കുമൊപ്പം എത്തി. 62 -ാം മിനുട്ടിൽ കേരളത്തിന്റെ ആറാം ഗോൾ. വലതു വിങ്ങിൽ നിന്ന് അർജുൻ നൽകിയ ക്രോസ് കർണാടകൻ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടിഗോളായി മാറുകയായിരുന്നു. 71 -ാം മിനുട്ടിൽ കർണാടക മൂന്നാം ഗോൾ നേടി. ബോക്സിന് പുറത്തുനിന്ന് സുലൈമലൈ എടുത്ത ഉഗ്രൻ ഷോട്ട് കേരളാ കീപ്പർ മിഥുനെ കാഴ്ചക്കാരനാക്കി ഗോളായി മാറി. രണ്ട് മിനുട്ടിന് ശേഷം 74 -ാം മി നുട്ടിൽ ജെസിന്റെ അഞ്ചാം ഗോൾ. നൗഫൽ ബോക്സിലേക്ക് നൽകിയ പാസ് അനായാസം ജെസിന് ഗോളാക്കി മാറ്റുകയായിരുന്നു. അതോടെ ജെസിൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London